കുത്തിയത് ശിവരഞ്ജിത് തന്നെ ; അഖില്‍ ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കി

Jaihind Webdesk
Wednesday, July 17, 2019

SFI University College

എസ്.എഫ്. ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത് ആണ് തന്നെ കുത്തിയതെന്ന് അഖില്‍ ചന്ദ്രന്‍റെ മൊഴി. രണ്ടാം പ്രതിയായ നസീം തന്ന പിടിച്ചുവെച്ചെന്നും അഖിൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലാണ് അഖില്‍.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് കന്റോൺമെന്‍റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അഖിലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. യൂണിറ്റ് പ്രസിഡന്‍റ് രഞ്ജിത്താണ് തന്ന കുഞ്ഞിയതെന്നാണ് അഖിൽ അന്വഷണ സംഘത്തോട് പറഞ്ഞു. ഇതിന് എല്ലാ സഹായവും പ്രോത്സാഹനവും നൽകിയത് നസീമാണ്. ബലപ്രയോഗത്തിനിടെ കുതറി മാറിയ തന്നെ ന നസീം പിടിച്ചുവച്ചു. ഇതിന് പിന്നാലെയായിരുന്നു കഠാര ഉപയോഗിച്ച് ശിവരഞ്ജിത് കുത്തിയത്.

ക്യാമ്പസിലിരുന്ന് പാട്ട് പാടിയതിനെ എസ്.എഫ്.ഐ വനിതാ നേതാവ് ചോദ്യം ചെയ്തു. പാട്ടൊക്കെ വീട്ടില്‍ മതിയെന്ന താക്കീതിനെ അഖിലും കൂട്ടുകാരും എതിര്‍ത്തു. തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്നം കൂടുതല്‍ വഷളായി. പരാതി നല്‍കുമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് അഖിലിന് നേരെ വധശ്രമം ഉണ്ടായത്. യൂണിറ്റ് കമ്മിറ്റിയുടെ നിർദേശങ്ങൾ അംഗീകരിക്കാത്തവർ കോളേജിൽ ഉണ്ടായിരുന്നു. ഇത്തരക്കാരോട് കമ്മിറ്റിയിൽ ഉളളവർക്ക് വിരോധം ഉണ്ടായിരുന്നു. ഒരു കൂട്ടം നേതാക്കളുടെ ഏകാധിപത്യ ഭരണമാണ് കോളേജിൽ നടക്കുന്നത്.എസ്.എഫ് .ഐ യുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധം മൂലമാണ് തന്നെ കുത്തിയതെന്നും അഖിൽ മൊഴി നൽകി. ഡോക്ടറോടും സമാനമായ മൊഴിയാണ് അഖിൽ നേരത്തെ നൽകിയിരുന്നത്.

എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് അഖിൽ നൽകിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിൽ നിര്‍ണായക മൊഴി നൽകിയതോടെ തെളിവെടുപ്പും കൂടുതൽ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.