കുഴിമന്തിക്കട ആക്രമിച്ച കേസ്; പോലീസുകാരന് സസ്പെന്‍ഷന്‍

 

ആലപ്പുഴ: കുഴിമന്തിക്കട ആക്രമണക്കേസിൽ പ്രതിയായ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ ആലപ്പുഴ വാടയ്ക്കൽ സ്വദേശി കെ.എഫ്. ജോസഫിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തത്. കോട്ടയം എസ്പിയാണ് നടപടി സ്വീകരിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജം‌ഗ്ഷനിലെ കുഴിമന്തിക്കട ജോസഫ് അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച ശേഷം ഇയാളുടെ മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്നാരോപിച്ചാണ് ഇയാൾ ആലപ്പുഴ വലിയ ചുടുകാട് ജംഗ്ഷന് സമീപത്തുള്ള കുഴിമന്തിക്കട ആക്രമിച്ചത്. വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റിയ ശേഷമാണ് ആക്രമണം നടത്തിയത്. കടയിലെ ഗ്ലാസുകളെല്ലാം ജോസഫ് പൊട്ടിച്ചു. സംഭവസമയം ജോസഫ് മദ്യപിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. നിങ്ങളുടെ മക്കൾക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Comments (0)
Add Comment