ഹാജരാകാമെന്ന് വിജയ് ബാബു; ദുബായില്‍ തിരികെയെത്തി; ചൊവ്വാഴ്ച നാട്ടിലെത്തിക്കാന്‍ നീക്കവുമായി പോലീസ്

Jaihind Webdesk
Tuesday, May 24, 2022

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോർജിയയിൽ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ തിരികെ ദുബായിൽ എത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിജയ് ബാബുവിനെ കൊച്ചിയിലെത്തിക്കാനാണ് പോലീസിന്‍റെ ശ്രമം. വിജയ് ബാബുവിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ മാറ്റിവെച്ചിരുന്നു.

കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആകാൻ തയാറാണെന്ന് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. ആദ്യം മടക്ക ടിക്കറ്റ് ഹാജരാക്കൂ, എന്നിട്ട് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാം എന്നായിരുന്നു കോടതി പറഞ്ഞത്.

ഇന്ന് വൈകുന്നേരത്തിനകം ഹാജരായില്ലെങ്കില്‍ ഇന്‍റർപോൾ മുഖേന റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. പാസ്‌പോർട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്. ഇതിനായുളള നടപടികൾ ഇന്നലെത്തന്നെ തുടങ്ങിയിരുന്നു.