മന്ത്രിമാരുടെ പരിപാടിയിലെ ആള്‍ക്കൂട്ടം ‘കാണാതെ’ പൊലീസ്; പക്ഷപാതപരമായ പെരുമാറ്റമെന്ന് കെ.സി ജോസഫ് എം.എൽ.എ

Jaihind News Bureau
Thursday, February 4, 2021

 

കൊവിഡ് മാനദണ്ഡം ലംഘിച്ച് സാന്ത്വന സ്പർശം പരിപാടി സംഘടിപ്പിച്ച മന്ത്രിമാരെ പ്രതിയാക്കി ആരോഗ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുക്കാൻ എന്തുകൊണ്ടാണ് പൊലീസ് തയാറാകാത്തതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വ്യക്തമാക്കണമെന്ന് കെ.സി ജോസഫ് എം.എൽ.എ.

തളിപ്പറമ്പിൽ ആരോഗ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ജനകീയ അദാലത്തിൽ വന്‍ ജനക്കൂട്ടമായിരുന്നു. ആരോഗ്യമന്ത്രിയുടെ നീക്കം വേലി തന്നെ വിളവ് തിന്നുന്നതിന് തുല്യമാണെന്ന് കെ.സി ജോസഫ് കുറ്റപ്പെടുത്തി. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെ വന്നെത്തിയ ആൾക്കൂട്ടത്തിന് ഫലപ്രദമായ നിർദേശങ്ങൾ നൽകാൻ പോലും സംവിധാനമില്ലാതെയാണ് ആരോഗ്യമന്ത്രി അദാലത്ത് സംഘടിപ്പിച്ചത്.

ഐശ്വര്യ കേരളയാത്രയിൽ പങ്കെടുത്ത യു.ഡി.എഫ് നേതാക്കന്മാർക്കും പ്രവർത്തകർക്കും എതിരെ കേസെടുത്ത പൊലീസ് മന്ത്രിമാരുടെ പരിപാടിയിലെ ആൾക്കൂട്ടം കണ്ടില്ലെന്ന് നടിക്കുന്നത് പക്ഷപാതപരമായ നിലപാടിന്‍റെ തെളിവാണെന്നും കെ.സി ജോസഫ് പറഞ്ഞു.