പോലീസ് കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നു; ഹൈക്കോടതിയെ സമീപിച്ച് മുഹമ്മദ് ഷിയാസ്

കൊച്ചി: ഒരു ദിവസമെങ്കിലും ജയിലിൽ അടയ്ക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെ പോലീസ് കള്ളക്കേസെടുത്ത് പീഡിപ്പിക്കുകയാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മ്ദ് ഷിയാസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഹമ്മദ് ഷിയാസ് ഹൈക്കോടതിയെ സമീപിച്ചു. ഒരേ സംഭവത്തിൽ ജാമ്യം ലഭിക്കാത്ത വകുപ്പിട്ട് നാലോളം കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് പോലീസ് പീഡനത്തിനെതിരെ ഷിയാസ് ഹർജി നൽകിയത്.

പോലീസ് കസ്റ്റഡിയിലിരിക്കെ നടന്ന പ്രതിഷേധത്തിന്‍റെ പേരിലും ഒന്നാം പ്രതിയാക്കി കേസെടുത്തത് പോലീസിന്‍റെ ഗൂഢാലോചനയ്ക്കും പീഡനത്തിനും തെളിവാണെന്ന് ഷിയാസ് ഹർജിയിൽ ചൂണ്ടിക്കാണിച്ചു. മനഃപൂർവം ജയിലിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പോലീസ് പെരുമാറുന്നതെന്ന് ഹർജിയിൽ പറയുന്നു. വൈകാരികവും സ്വാഭാവികവുമായ പ്രതിഷേധമാണ് കോതമംഗലത്തുണ്ടായത്. ജനരോഷം ശക്തമായപ്പോൾ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ എന്ന നിലയ്ക്കാണ് ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. എന്നാൽ ജനകീയ സമരത്തിന് നേതൃത്വം നൽകിയതിന്‍റെ പേരിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള പെരുമാറ്റമാണ് പോലീസിൽ നിന്നുണ്ടാകുന്നതെന്നും ഇത് രാഷ്ട്രീയ സമ്മർദ്ദത്തിന്‍റെ ഫലമാണെന്ന് സംശയിക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞു.

ജനകീയ സമരത്തിന് നേതൃത്വം നൽകിയതിന്‍റെ പേരിൽ ഏതുവിധേനയും ജയിലിൽ അടയ്ക്കാൻ നീക്കം നടത്തുകയും പിന്നാലെ നടന്നു പീഡിപ്പിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഷിയാസ് ഹർജിയിൽ ആവശ്യപ്പെടുന്നു.

Comments (0)
Add Comment