കരുവന്നൂരില്‍ പൊലീസ് ഇഴഞ്ഞ് നീങ്ങുന്നു ; പ്രതികളെ തിരഞ്ഞ് നോട്ടീസ് ഇറക്കി നാട്ടുകാർ

Jaihind Webdesk
Friday, August 6, 2021

കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയില്‍ പൊലീസ് അന്വേഷണം എങ്ങുമെത്താതോടെ ജനങ്ങള്‍ അന്വേഷണം ഏറ്റെടുത്തു. സിപിഎം മുൻ ഭാരവാഹികളും കേസിലെ പ്രതികളുമായ ടി.ആർ.സുനിൽ കുമാർ, ബിജു കരിം, സി.കെ.ജിൽസ്, റെജി അനിൽ, കിരൺ, എ.കെ.ബിജോയ് എന്നിവരുടെ പേരില്‍ നാട്ടുകാർ  തിരച്ചിൽ നോട്ടിസ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. പ്രതികളെ കണ്ടെത്തേണ്ടതു നമ്മുടെ ചുമതലയാണെന്നും ഇവരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നുമുള്ള അടിക്കുറിപ്പോടെയാണു നോട്ടിസ്.

അതേസമയം, ഔദ്യോഗിക തിരച്ചിൽ നോട്ടിസിനു ക്രൈം ബ്രാഞ്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. കേസിലെ 4 പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. സുനിൽ കുമാറിന്റെയും ബിജോയിയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യത വിരളമാണെന്നു പ്രതികൾക്കു നിയമോപദേശം ലഭിച്ചിരുന്നു.

സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പുകളിൽ 6 പേരെ പ്രതിചേർത്ത് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടു മൂന്നാഴ്ച കഴിഞ്ഞു.