യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ഇടിമുറിക്കാഴ്ചകള്‍… കത്തി, തടിക്കഷണം, മദ്യക്കുപ്പികള്‍

Jaihind Webdesk
Saturday, July 13, 2019

തലസ്ഥാനത്തെ ഗുണ്ടാ കേന്ദ്രമായ യൂണിവേഴ്സിറ്റി കോളജിലെ യൂണിയന്‍ ഓഫീസാണ് വിദ്യാർത്ഥികൾ പറയുന്ന എസ്.എഫ്.ഐയുടെ ഇടിമുറി. മാരകായുധങ്ങൾ സൂക്ഷിക്കുന്നതും ഇവിടെയാണ്. ഇതര സംഘടനകളോട് അനുഭാവമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മർദനത്തിന് ഇരയാക്കുന്നതും ഇടിമുറിയിലാണ്.

കത്തികൾ, മദ്യക്കുപ്പികൾ, തടിക്കഷണങ്ങൾ, ഇരുമ്പ് കമ്പികൾ തുടങ്ങിയവയാണ് എസ്.എഫ്.ഐയുടെ യൂണിയൻ ഓഫീസിൽ നിന്ന് കണ്ടെത്തിയത്. കോളേജിലെ അധ്യാപകർക്ക് ഉൾപ്പെടെ പ്രവേശനം നിഷേധിച്ചിരിക്കുന്ന ഇടമാണ് കോളേജ് ഓഡിറ്റോറിയത്തോട് ചേർന്ന ഈ മുറി. ഇന്നലെ സംഘർഷം നടന്ന സമയത്തുള്‍പ്പെടെ അധ്യാപകരും വിദ്യാർത്ഥികളും ഇവിടേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ തടഞ്ഞിരുന്നു. ഇന്നും ചില ജീവനക്കാർ അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.

എസ്.എഫ്.ഐയുടെ പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരോ എസ്.എഫ്.ഐക്ക് എതിരെ പ്രതികരിക്കുന്നവരോ ആയ വിദ്യാർഥികളെ യൂണിറ്റ് കമ്മിറ്റി സംഘം ഈ ഇടിമുറിയിലേക്ക് കൊണ്ടുപോകും. തുടർന്ന് വിചാരണയും മർദനവും. നാളുകളായി ഈ ഇടിമുറിക്കെതിരെ ആക്ഷേപം ഉയരുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള കോളേജ് അധികൃതരുടെ വാദം. അധികൃതരുടെ ഭാഗത്തുനിന്ന് തന്നെയുള്ള ഈ പിന്തുണയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ഏകാധിപത്യ ഭരണത്തിന് വളംവെക്കുന്നതെന്നാണ് വിദ്യാർഥികൾ ഒരേ സ്വരത്തില്‍ പറയുന്നത്.