എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു; മര്‍ദ്ദനമേറ്റ പോലീസുകാരന്റെ മൊഴിയെടുക്കല്‍ വൈകുന്നു; പാര്‍ട്ടി ഓഫീസില്‍ താമസിക്കുന്ന നാസിമിനെ കണ്ടെത്താനാകാതെ പോലീസ്

Jaihind Webdesk
Tuesday, December 18, 2018

തിരുവനന്തപുരം: നിയമലംഘനം ചോദ്യം ചെയ്ത പോലീസുകാരനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോലീസുകാരന്റെ മൊഴിയെടുക്കല്‍ നീട്ടുക്കൊണ്ടുപോകുകയാണ്.

കഴുത്തിന് ആഴത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.എ. ക്യാമ്പിലെ പോലീസുകാരന്‍ ശരത്തിന്റെ മൊഴിയെടുക്കുന്നതാണ് വൈകിപ്പിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന പരാതി പോലീസുകാര്‍ക്കിടയിലുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് നാസിമിനെ രക്ഷിക്കാനുള്ള ആസൂത്രണ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കന്റോണ്‍മെന്റ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒട്ടേറെ കേസുകളിലെ പ്രതിയാണ് യൂണിവേഴ്‌സിറ്റി കോളജ് മുന്‍ചെയര്‍മാന്‍ നാസിം. ഇയാളുടെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇയാളെ പിടികൂടിയാല്‍ മറ്റ് കേസുകളിലും അറസ്റ്റും റിമാന്റും ഉണ്ടാകും. പാര്‍ട്ടി ഓഫീസില്‍ കഴിയുന്ന ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. എസ്.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്റ്റുഡന്റ് ഫ്രീഡം പരേഡിന്റെ തിരക്കിലാണ് ഏരിയാ കമ്മിറ്റി അംഗം കൂടിയായി നാസിം. പോലീസ് മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരേഡിന്റെ ഉദ്ഘാടനം.