അനില്‍ അക്കര എം.എല്‍.എക്കെതിരെ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

 

തൃശൂർ : നീതു ജോൺസൺ എന്ന പേരിൽ അനിൽ അക്കര എം.എൽ.എക്ക് എതിരെ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസാണ് കേസെടുത്തത്. കേസിൽ നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

ലൈഫ് പദ്ധതിലെ അഴിമതിയുടെ പേരിൽ അനിൽ അക്കരയും സി.പി.എമ്മും തമ്മിൽ പോര് മുറുകുന്നതിനിടെയാണ് നീതു ജോൺസൺ എന്ന പേരിൽ ഒരു കഥാപാത്രം രംഗത്ത് എത്തുന്നത്. നീതുവിന്‍റെ പേരിൽ ഒരു കത്തും എം.എൽ.എക്ക് കിട്ടി. കത്തിന്‍റെ ചുരുക്കം ഇങ്ങനെയായിരുന്നു.

‘സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന എന്‍റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീട് ഞങ്ങളുടെ സ്വപ്നമാണ്. ലൈഫ് മിഷൻ ലിസ്റ്റിൽ പേരുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകർക്കരുത്’ – പിന്നീട് ഈ കത്തിന് സി.പി.എമ്മിന്‍റെ സൈബർ പോരാളികൾ വ്യാപക പ്രചരണവും നൽകി.

എന്നാൽ എം.എൽ.എ വിട്ടില്ല. ഈ കത്തിൽ പറയുന്ന മങ്കര സ്വദേശി നീതു ജോൺസണോ കുട്ടിയെ അറിയാവുന്നവരോ സമീപിച്ചാൽ വീട് വെച്ച് നൽകുമെന്ന് അനിൽ അക്കര പ്രഖ്യാപിച്ചു. തുടർന്ന് വാർത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മുൻകൂട്ടി പ്രഖ്യാപിച്ച് എം.എൽ.എയും എം.പി രമ്യ ഹരിദാസും കൗൺസിലർ സൈറാ ബാനുവും മൂന്ന് മണിക്കൂർ നീതുവിനെ കാത്തു നിന്നു. എന്നാൽ നീതു വന്നില്ല. സി.പി.എം പ്രചരിപ്പിച്ച നീതു ജോൺസൺ എന്ന വിദ്യാർത്ഥിനി ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമായിരുന്നു എന്ന് വ്യക്തമാവുകയായിരുന്നു. തുടർന്നാണ് അനിൽ അക്കര എം.എൽ.എ വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയത്.

Comments (0)
Add Comment