മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ടു; പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Jaihind Webdesk
Friday, August 16, 2019

കൊല്ലം: മന്ത്രിയുടെയും എസ്.പിയുടെയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടതിനു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞദിവസം ഉച്ചയ്ക്ക് കൊല്ലത്തെ മയ്യത്തുംകരയിലാണ് സംഭവം. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിനായി എത്തിയ എസ്പി ആര്‍. ഹരിശങ്കറുമാണ് വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍പെട്ട് 10 മിനിറ്റോളം കുടുങ്ങിക്കിടന്നത്.
ശൂരനാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലീസ് സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യൂദീന്‍ എന്നി വരെയാണ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ശുരനാട് പോലിസ്‌സ്റ്റേഷനില്‍ അറിയിക്കാതെ ഇതു വഴി സഞ്ചരിച്ച മന്ത്രിയും എസ്.പി യും ഗതാഗതകുരുക്കില്‍ പെട്ടതിന് പോലിസുകാരെ സസ്‌പെന്റ് ചെയ്തതില്‍ പോലിസ് സേനക്കുള്ളില്‍ അമര്‍ഷം ഉയരുകയാണ്.