അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കൺവീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നൽകിയ പരാതിയില്‍ പോലീസ് നിയമോപദേശം തേടി. തിരൂര്‍ ഡി.വൈ.എസ്.പിയാണ് പരാതിയില്‍ അന്വേഷണം നടത്തിയത്. മലപ്പുറം എസ്.പിക്ക് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്ന് എസ്.പി അറിയിച്ചു.
പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ത്ഥി പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി വിജയരാഘവന് രംഗത്തെത്തിയെങ്കിലും പരാതിയുമായി രമ്യയും യു.ഡി.എഫും മുന്നോട്ടുപോവുകയായിരുന്നു.