ഇന്ധന വില വർധനവിനെതിരായ സമരം : പതിനഞ്ച് കോൺഗ്രസുകാർക്കെതിരെ കേസ് ; വനിത പ്രവർത്തകരെ അധിക്ഷേപിച്ചതില്‍ നടന്‍ ജോജുവിന് പൊലീസ് സംരക്ഷണം

Jaihind Webdesk
Tuesday, November 2, 2021

കൊച്ചി : ഇന്ധന വില വർധനവിനെതിരായ കോൺഗ്രസ് സമരത്തിനിടെ നടൻ ജോജു ജോർജ്ജ് വനിത പ്രവർത്തകരെ അധിക്ഷേപിച്ച സംഭവത്തിൽ കേസെടുക്കാതെ പോലീസ്. അതേ സമയം ഇന്നലെ നടന്ന റോഡുപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പതിനഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

മരട് പോലീസ് സ്റ്റേഷനിൽ വനിത പ്രവർത്തകർ പരാതി നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും ഇത് വരെ നടൻ ജോജു ജോർജിനെതിരെ പോലീസ് കേസെടുക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധം കനക്കുകയാണ്.തങ്ങൾക്കെതിരെ അസഭ്യവർഷം നടത്തി അപമാനിക്കാൻ ശ്രമിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ കേസെടുക്കാതെ പോലീസ് ജോജു ജോർജിനെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.

ഇന്നലത്തെ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോദിച്ചതിന് ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു എന്നാണ് പോലീസ് പറയുന്നത്. അതേ സമയം കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇന്നലെ തന്നെ രണ്ട് കേസുകൾ eപാലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്യായമായി സംഘം ചേന്ന് റോഡുപരോധിച്ചതിന് 15 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത പോലീസ് വണ്ടി തകർത്തെന്നും തന്നെ കയ്യേറ്റം ചെയ്തെന്നും കാണിച്ച് ജോജു ജോർജ് നൽകിയ പരാതിയിൽ എട്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഒന്നാം പ്രതിയും കെ.പി.സി. വൈസ് പ്രസിഡണ്ട് വി.ജെ.പൗലോസ് വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.കെ.പി.സി.സി ഭാരവാഹികളായ വി.പി.സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, മുൻ മന്ത്രി ഡൊമിനിക്ക് പ്രസൻ്റേഷൻ, മുൻ മേയർ ടോണി ചമ്മണി തുടങ്ങിയവരും പ്രതികളാണ്.ജോജു ജോർജിൻ്റെ പരാതിയിൽ കണ്ടാൽ അറിയാവുന്ന എട്ട് പേരെ പ്രതിചേർത്ത പോലീസ് ഉടൻ അറസ്റ്റ് നടപടികളിലേക്ക് കടക്കും എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ജോജു ജോർജിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.