ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പോലീസ്; ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും

 

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നില്‍. ഇയാള്‍ ഇസ്രയേലിലുള്ള അനിലിനെ നാട്ടില്‍ എത്തിക്കുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

2008-2009 കാലഘട്ടത്തിലാണ് മാന്നാറില്‍ നിന്ന് കലയെ കാണാതായത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അനിലിന്‍റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്കിൽ ധാരാളം കെമ്മിക്കൽസ് ഉപയോഗിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി ദ്രാവകത്തിന്‍റെ സാമ്പിൾ ശേഖരിച്ചു. സെപ്റ്റിക് ടാങ്കിൽ നിന്ന് ഒരു ലോക്കറ്റും കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെന്നും പോലീസ് പറയുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടാൻ സഹായിച്ച ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment