ജമ്മുവില്‍ നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; തിരക്കുള്ള സ്ഥലങ്ങളിലും സ്ഫോടനത്തിന് പദ്ധതിയിട്ടു

Jaihind Webdesk
Sunday, June 27, 2021

ശ്രീനഗര്‍ : ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ അഞ്ച് കിലോ   സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.  ജമ്മു വിമാനത്താവള സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്ന് ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. സംഭവത്തില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ പിടികൂടിയിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ജമ്മുവിലെ വ്യോമതാവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായമില്ലെങ്കിലും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിന് രണ്ട് ഡ്രോണുകൾ ഉപയോ​ഗിച്ചതായാണ് പ്രാഥമിക നി​ഗമനം.

അതേസമയം ജമ്മുവിലെ നിര്‍വാള്‍ പ്രദേശത്ത് നിന്ന് പോലീസ് ഒരു ലഷ്കര്‍ തീവ്രവാദിയെ പിടികൂടി.  തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനത്തിനായിരുന്നു പദ്ധതി. ഇയാളിൽ നിന്ന് അഞ്ചു കിലോ ഐഇഡി പിടിച്ചെടുത്തതായും ഡിജിപി അറിയിച്ചു. ഭീകരനെ പിടികൂടിയതിലൂടെ വൻ സ്ഫോടന ശ്രമം തകർത്തതായി ഡിജിപി പറഞ്ഞു.

വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരണം വന്നതോടെ അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.  ജമ്മുവിന് പുറമെ  ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്.