വെഞ്ഞാറമൂട് കൊലപാതകത്തില്‍  കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍ ശരിവെച്ച് പൊലീസ് ; സംഘത്തില്‍12 പേർ ഉണ്ടായിരുന്നെന്ന് സൂചന

Jaihind News Bureau
Saturday, September 5, 2020

 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തില്‍  കോണ്‍ഗ്രസ് വെളിപ്പെടുത്തല്‍ ശരിവെച്ച് പൊലീസ്. സ്ഥലത്ത് 12 പേര്‍ ഉണ്ടായിരുന്നെന്ന സൂചനയുമായി പൊലീസ് രംഗത്തെത്തി. ഇവരില്‍ 10 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. രണ്ടു പേര്‍ക്കായി അന്വേഷണം തുടരുന്നതായും പൊലീസ്.

ആക്രമണത്തില്‍ 12 പേര്‍ ഉള്‍പ്പെട്ടതായും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. വെഞ്ഞാറമ്മൂട് കൊലപാതകം ചേരിപ്പോരിന്‍റെ  ഫലമായി ഉണ്ടായ കൊലപാതകമാണ്. സിസിടിവി ദൃശ്യങ്ങളിലുള്ള പൊലീസിന് പിടികൂടാനാകാത്ത പ്രതികൾ  എ എ റഹീമിന്‍റെ കസ്റ്റഡിയിലാണെന്നും മുൻ കെപിസിസി അധ്യക്ഷൻ എം എം ഹസൻ പറഞ്ഞു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളിലുള്ള ഷഹിനും, അപ്പൂസും ഡി വൈ എഫ് ഐ പ്രവർത്തകരാണെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പാലോട് രവിയും ചൂണ്ടികാട്ടിയിരുന്നു. സംഭവസ്ഥലത്ത് 4 ബൈക്കിലായെത്തിയ 12 പേരുടെ കൈയിലും ആയുധങ്ങളുണ്ട്. 2 പേർ മരണപ്പെട്ടു. 3 പേരെ അറസ്റ്റ് ചെയ്തു . ബാക്കി 7 പേർ എവിടെ എന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം സ്വാധീനിച്ചില്ലായിരുന്നെങ്കിൽ 12 പേരെയും അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും കേസിൽ റഹീമിന്‍റെ പങ്ക് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസും റൂറൽ എസ്പിയും കേസ് വഴി തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നും സി ബി ഐ അന്വേഷണം വേണമെന്നും കെ എസ് ശബരിനാഥൻ എം.എൽ.എ യും ഡിസി സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനലും ആവശ്യപ്പെട്ടു.