മുഖ്യമന്ത്രി യെദിയൂരപ്പയോട് പരാതി പറയാനെത്തിയെ പ്രളയബാധിതരെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്; ദൃശ്യങ്ങള്‍ കാണാം

Jaihind Webdesk
Saturday, August 10, 2019

കനത്ത പ്രളയത്തില്‍ കഷ്ടപ്പെടുന്ന വടക്കന്‍ കര്‍ണാടകയിലെ ജനങ്ങളെ പൊലീസിനെ വിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഇന്നലെയാണ് സംഭവം നടന്നത്. ലാത്തി ചാര്‍ജിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. കുടകിലെ കൊണ്ണൂര്‍ താലൂക്കിലാണ് സംഭവം. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി യെദിയൂരപ്പ പ്രദേശത്തെത്തിയപ്പോഴാണ് ലാത്തി ചാര്‍ജ്ജുണ്ടായത്.

പുറത്തിറങ്ങാതെ കാറിനുള്ളില്‍ ഇരുന്ന മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ദുരന്തബാധിതര്‍ കൂട്ടത്തോടെയെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.കാറില്‍ നിന്നിറങ്ങി ജനങ്ങളുടെ പരാതി കേള്‍ക്കാനോ ലാത്തി ചാര്‍ജ് തടയാനോ ശ്രമിക്കാതിരുന്ന മുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
വീടുകളും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ക്ക് നേരെയാണ് പൊലീസ് ലാത്തിവീശിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയുടെ വടക്കന്‍ ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് 1.5 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 467 ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകദേശം 90000 പേരാണ് താമസിക്കുന്നത്. ദക്ഷണി കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെലഗാവി, ചിക്ക്മംഗളൂരു, കൊടക്, ശിവമോഗ എന്നീ ജില്ലകളിലാണ് കനത്ത മഴ നാശം വിതച്ചത്.