പ്രതികാര നടപടിയുമായി പിണറായി സര്‍ക്കാര്‍; നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Jaihind Webdesk
Wednesday, June 16, 2021

 

തിരുവനന്തപുരം : കോൺഗ്രസിനെതിരെ പിണറായി സർക്കാരിന്‍റെ പ്രതികാര നടപടി.  കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി ചുമതലയേറ്റ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കേസെടുത്തു.  മ്യൂസിയം പൊലീസിനെ ഉപയോഗിച്ചായിരുന്നു സര്‍ക്കാരിന്‍റെ പ്രതികാര നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങിനെതിരായ നടപടി സര്‍ക്കാരിന്‍റെ പ്രതികാരബുദ്ധിയില്‍ നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ തന്നെ നിരവധി തവണ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയതാണ്.  സർക്കാരിന്‍റെയും ഇടതുപക്ഷത്തിന്‍റെയും  പരിപാടികള്‍ നടക്കുമ്പോള്‍ നിരവധി പ്രവർത്തകരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൂട്ടം കൂടുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയുക്ത മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തിയത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് പരാതി ഉയര്‍ന്നിരുന്നു. കേരളത്തില്‍ കൊവിഡ് കണക്കുകള്‍ ഏറ്റവും ഉയര്‍ന്നുനിന്ന സമയത്താണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്. സമസ്ത കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങുമായി മുന്നോട്ടുപോവുകയായിരുന്നു. ജനങ്ങളെ മൂന്ന് പൂട്ടിട്ട് പൂട്ടിയിട്ടായിരുന്നു സര്‍ക്കാരിന്‍റെ ഈ ആഘോഷം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ എകെജി സെന്‍ററില്‍ നടത്തിയ കേക്കുമുറിയിലും കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥ കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് ആയിരത്തോളം  ആളുകള്‍ തടിച്ച് കൂടിയ സംഭവത്തിലും പരാതിയില്ലെന്ന് പറഞ്ഞ് പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇത്തരം സംഭവങ്ങളെല്ലാം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നിയമലംഘനങ്ങളായി കേരളപൊതുസമൂഹത്തിന് മുന്നിലുള്ളപ്പോഴാണ് പിണറായി സര്‍ക്കാരിന്‍റെ ഹീനമായ നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങിനെതിരെ പോലും പൊലീസിനെ ഉപയോഗിച്ച് കേസെടുത്തതിലൂടെ സര്‍ക്കാരിന്‍റെ പ്രതികാരബുദ്ധിയാണ് വ്യക്തമായിരിക്കുന്നത്.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെയുള്ള പിണറായി വിജയന്‍റെ അസഹിഷ്ണുതയാണ് പ്രവര്‍ത്തകര്‍ക്കെതിരെ  കേസെടുത്തതിലൂടെ വ്യക്തമായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സുധാകരനെതിരായ ആസൂത്രിതമായ സിപിഎം നീക്കം വിലപ്പോവില്ലെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. തുടക്കത്തില്‍ തന്നെ പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് പിണറായി വിജയന്‍റെ ശ്രമം എന്നതും വ്യക്തമായി.