പത്തനംതിട്ട: തിരുവല്ലയില്‍ സപ്ലൈകോ ഡിപ്പോയില്‍ ലോഡ് ഇറക്കുന്നതിന് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഏഴ് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഷയം വിശദമായി പരിശോധിക്കുമെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും കളക്ടർ പി ബി നൂഹ് പറഞ്ഞു.
സൗജന്യ ഭക്ഷ്യ കിറ്റിനൊപ്പം നൽകാനുള്ള ഭക്ഷ്യ എണ്ണയുമായി തമിഴ്നാട്ടിൽ നിന്നും സപ്ലൈകോയുടെ തിരുവല്ല കറ്റോട് ഡിപ്പോയിലേക്ക് എത്തിയ ലോഡിറക്കുന്നതിനാണ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടത് . 1700 ബോക്സുകളായി 17000 ലിറ്റർ സൺഫ്ലവർ ഓയിൽ ആണ് ലോറിയിലുണ്ടായതിരുന്നത്. ലേബർ ചട്ട പ്രകാരം 2രൂപ 35 പൈസയാണ് ഒരു ബോക്സിനു നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ബോക്സ് ഒന്നിന് 10 രൂപ നിരക്കിൽ നൽകണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം .
ജില്ലയിലെ മറ്റിടങ്ങളിൽ സമാനമായ ലോഡിറക്കുന്നതിനു പ്രശ്നങ്ങളില്ലായിരുന്നെന്നും എന്താണ് സംഭവിച്ചതെന്നു വിശദമായി പരിശോധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു . കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ഭരിക്കുന്ന പാർട്ടിയുടെ തൊഴിലാളി സംഘടന ഭക്ഷ്യസാധനങ്ങൾ ഇറക്കുന്നതിന് പോലും അമിതകൂലിയും നോക്കുകൂലിയും അവശ്യപ്പെട്ട് സംഘർഷം സൃഷ്ടിക്കുന്നത്.