Video | ക്യാന്‍സര്‍ രോഗിയായ ദളിത് യുവാവിന് പോലീസിന്‍റെ ക്രൂര മര്‍ദനം; അഞ്ചല്‍ സ്വദേശി രാജേഷിനെയാണ് പോലീസ് മര്‍ദിച്ചത്

കൊല്ലം അഞ്ചലില്‍ ദളിത് യുവാവിന് പോലീസിന്‍റെ ക്രൂര മര്‍ദനം. മര്‍ദനമേറ്റത് അർബുദ രോഗിയായ രാജേഷ് എന്ന യുവാവിന്. അകാരണമായാണ് തന്നെ പോലീസ് മർദിച്ചതെന്ന് രാജേഷ് പറഞ്ഞു. മര്‍ദനമേറ്റ രാജേഷിപ്പോള്‍ ചികിത്സയിലാണ്.

അസുഖബാധിതരായ മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയാണ് രാജേഷ്. നാല് വര്‍ഷമായി രക്താർബുദത്തിന് രാജേഷ് ചികിത്സയിലാണ്. ഗുരുതര രോഗത്തിന്‍റെ പിടിയിലായിട്ടും വരുമാനത്തിന് മറ്റ് മാർഗങ്ങളില്ലാത്തതില്‍ ഓട്ടോ ഓടിച്ചാണ് രാജേഷ് തന്‍റെ കുടുംബം പുലര്‍ത്തുന്നത്. വാഹന പരിശോധനയുടെ പേരിലായിരുന്നു പോലീസ് രാജേഷിനെ ക്രൂരമായി മര്‍ദിച്ചത്. ക്യാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞിട്ടും കാലുപിടിച്ചിട്ടും പോലീസുകാര്‍ ദയവ് കാട്ടിയില്ലെന്ന് രാജേഷ് പറയുന്നു. ‘നിന്‍റെ അസുഖം ഒക്കെ ഞങ്ങള്‍ തീര്‍ത്തുതരാമെടാ’ എന്നുപറഞ്ഞായിരുന്നു മര്‍ദനം.

രാജേഷ് ഓട്ടം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ പിന്നാലെ ഓടി തന്‍റെ ഓട്ടോയില്‍ ചാടിക്കയറുകയും ഹാന്‍ഡില്‍ ബാറില്‍ കടന്നുപിടിച്ച് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാര്യം തിരക്കിയ രാജേഷിനോട് ‘വണ്ടി നിര്‍ത്തെടാ’ എന്ന് ആക്രോശിക്കുകയും ബലമായി താക്കോല്‍ ഊരി വാങ്ങുകയും ചെയ്യുകയായിരുന്നു. പോലീസ് ചെക്കിംഗില്‍ നിര്‍ത്താതെ പോയി എന്ന കാരണം പറഞ്ഞായിരുന്നു പോലീസ് രാജേഷിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.  എന്നാല്‍ മറ്റൊരു വാഹനത്തിന്‍റെ പിന്നാലെ വന്നതിനാലും പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത ഒഴിഞ്ഞ ഭാഗത്താണ് പോലീസ് നിന്നിരുന്നത് എന്നതിനാലും ചെക്കിംഗിന്‍റെ കാര്യം അറിഞ്ഞിരുന്നില്ലെന്ന് രാജേഷ് വ്യക്തമാക്കുന്നു. പോലീസ് കൈ കാണിച്ചത് കണ്ടിരുന്നില്ലെന്നത് പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാന്‍ പോലീസുകാര്‍ തയാറാകാതെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു.

വീഡിയോ കാണാം:

https://www.youtube.com/watch?v=BZaHoe-sI4c

 

police brutalityrajesh
Comments (0)
Add Comment