ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്; പ്രവർത്തകർക്ക് ഗുരുതര പരിക്ക്

 

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് നരനായാട്ട്. പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി. പോലീസ് മർദ്ദനത്തില്‍ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് പ്രവീണിന് ഗുരുതര  പരിക്കേറ്റു. സഹപ്രവർത്തകരാണ് പ്രവീണിനെ ആശുപത്രിയിലെത്തിച്ചത്. പോലീസ് മർദ്ദനത്തില്‍ വനിതാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്ര വർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.

പ്രതിഷേധ മാർച്ച് കളക്ടറേറ്റിലേക്ക് എത്തുന്നതിന് മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അർജുന്‍ വീണ് തലയ്ക്ക് പരിക്കേറ്റു. കയർ കൊണ്ട് ബന്ധിച്ചിരുന്ന ബാരിക്കേഡ് പ്രവർത്തകർ കയർ അറുത്ത് നീക്കം ചെയ്തു. തുടർന്ന് പോലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കു നേരെ ക്രൂര മർദ്ദനമാണ് പോലീസ് നടത്തിയത്.

Comments (0)
Add Comment