കെപിസിസി മാർച്ചിലെ പോലീസ് അതിക്രമം: സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; നടപടി കെ. മുരളീധരന്‍ എംപിയുടെ പരാതിയില്‍

 

കോഴിക്കോട്: കെപിസിസി മാർച്ചിനു നേരെയുണ്ടായ പോലീസ്​ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാറിനോട്​ വിശദീകരണം തേടി. കെ. മുരളീധരൻ എംപി ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച പരാതിയെ തുടർന്നാണ്​ നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കർക്ക് കൈമാറണമെന്നാണ്​ നിർദ്ദേശം.

പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റിക്ക് മുമ്പാകെ ഡിജിപിയെ വിളിപ്പിക്കണമെന്നാണ് തന്‍റെ ആവശ്യമെന്ന് കെ. മുരളീധരൻ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗൺമാൻ ഹാജരാകാത്ത സംഭവത്തിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. ഗൺമാനെതിരെ നിയമനടപടി തുടരുമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ പെൻഷൻ പോലും ലഭിക്കാത്ത വിധം നടപടി ഉണ്ടാകുമെന്നും കെ. മുരളീധരൻ എംപി വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഡിസംബർ 23-ന്​ തിരുവനന്തപുരത്ത്​ കെപിസിസി നടത്തിയ മാർച്ചിനുനേരെയാണ്​ പൊലീസ്​ അക്രമം അഴിച്ചുവിട്ടത്​. വിഷയത്തിൽ ഡിസംബർ 28-നാണ്​ കെ. മുരളീധരൻ എംപി താനടക്കമുള്ള ജനപ്രതിനിധികൾക്ക്​ നേ​രെ പൊലീസ്​ നടത്തിയ അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച്​ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചത്​. സമാധാനപരമായി പുരോഗമിച്ച ഡി.ജി.പി ഓഫീസ് മാർച്ചിൽ നേതാക്കളടക്കമുണ്ടായിരുന്ന വേദിയിലേക്ക് ടിയർ ഗ്യാസ് എറിഞ്ഞ് പോലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നു. പോലീസ്​ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധ പരമ്പരകളാണ്​ അരങ്ങേറിയിരുന്നത്.

Comments (0)
Add Comment