കേരളത്തിലെ പോലീസ് അതിക്രമം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കെ. സുധാകരന്‍

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷയുടെ പേരില്‍ പ്രതിഷേധക്കാരെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേരള പോലീസിന്‍റെ മനുഷ്യാവകാശ ധ്വംസന നടപടികള്‍ ലോക്‌സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഒരുപറ്റം പോലീസുകാര്‍ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്‍റെയും ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ ദിനംപ്രതി ആവര്‍ത്തിക്കുകയാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ഇ. ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കഴുത്ത് ഞെരിച്ചു ശ്വാസംമുട്ടിച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താന്‍ ജോര്‍ജ് ഫ്ലോയിഡുമാരെ സൃഷ്ടിക്കാനാണ് സംസ്ഥാന ഭരണകൂടം ശ്രിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് ഇത്തരം സുരക്ഷാ ക്രമീകരണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം.

പ്രതിഷേധിക്കാനുള്ള അവകാശങ്ങളുടെ മേലുള്ള കടന്നാക്രമണവും പൗരന്‍റെ മൗലികാവകശങ്ങള്‍ ഹനിക്കുന്നതുമായ ഇത്തരം നടപടിയും അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ലെന്നും കെ. സുധാകരന്‍ അടിയന്തര പ്രമേയ നോട്ടീസില്‍ വ്യക്തമാക്കി.

Comments (0)
Add Comment