കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമൺ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിത്തുറന്നതായി ഭാര്യയുടെ പരാതി. മകളുടെ ആഭരണങ്ങളും സൈമൺ ബ്രിട്ടോയുടെ പുരസ്കാരങ്ങളും നഷ്ടമായെന്ന് പരാതിയില്‍ പറയുന്നു. പോലീസ് നടപടിക്കെതിരെ ബ്രിട്ടോയുടെ ഭാര്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് മന്ത്രി കൂടി ആയിരിക്കുമ്പോഴാണ് സിപിഎം രക്തസാക്ഷിയായി ആഘോഷിച്ച ആളുടെ വീട് പോലീസ് കുത്തിത്തുറന്നതെന്നതാണ് ശ്രദ്ധേയം.
സൈമൺ ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്കറാണ് ഞാറയ്ക്കൽ പോലീസിനെതിരെ കമ്മീഷണര്‍ക്ക് പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് പോലീസ് സംഘം സീനയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സൈമൺ ബ്രിട്ടോയുടെ മരണത്തിന് ശേഷം 2019 മുതൽ ഭാര്യ സീനാ ഭാസ്കറും മകളും ഡൽഹിയിലാണ് താമസം. വടുതലയിലെ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഈ വീടാണ് പോലീസ് സംഘം കുത്തിത്തുറന്നത്. വീട്ടില്‍നിന്ന് പത്ത് പവനോളം സ്വര്‍ണ്ണവും ബ്രിട്ടോയുടെ പുരസ്കാരങ്ങളും നഷ്ടമായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം കത്തിക്കുത്ത് കേസ് പ്രതിയെ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടായതെന്നാണ് ഞാറക്കൽ പോലിസിന്റെ വിശദീകരണം. കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ട ലിപിന്‍ ജോസഫ് എന്നയാളെ ആയുധം കൈവശം വെച്ച സംഭവത്തില്‍ പൊലീസ് തിരയുന്നുണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് വടുതലയിലെ വീട്ടിലായിരുന്നു പ്രതി ഉണ്ടായിരുന്നതെന്നാണ് പോലീസ് ഭാഷ്യം.
ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. എസ്എഫ്ഐ പ്രവര്‍ത്തകനായ ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയാണെന്ന സംശയമുണ്ട്. ലിപിന്‍ ജോസഫും വിഷ്ണുവും ഈ വീട്ടില്‍ ആണ് താമസിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ സീന മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.