നിലയ്ക്കലില്‍ യു.ഡി.എഫ് സംഘത്തെ തടഞ്ഞ് പോലീസ്; നിരോധനാജ്ഞ ലംഘിക്കാന്‍ നേതാക്കള്‍

Jaihind Webdesk
Tuesday, November 20, 2018

UDF-at-Sabarimala-2

മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ യു.ഡി.എഫ് സംഘത്തെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുള്ള സംഘത്തെയാണ് നിലയ്ക്കലില്‍ പോലീസ് ബലമായി തടഞ്ഞത്.

എം.എല്‍.എമാരെ മാത്രമേ ശബരിമല പൂങ്കാവനത്തിലേക്ക് കടത്തിവിടാനാകൂ എന്ന് പോലീസ് നിലപാടെടുത്തു. ഇതിനോട് യു.ഡി.എഫ് നേതാക്കള്‍ യോജിച്ചില്ല. എം.എല്‍.എമാരല്ലാത്ത ഘടകക്ഷിനേതാക്കളടക്കമുള്ളവരെ കടത്തിവിട്ടേതീരൂവെന്ന നിലപാടിലേക്ക് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നീങ്ങി. എന്നാല്‍ പോലീസ് നിലപാട് ആവർത്തിച്ചതോടെ നിരോധനാജ്ഞ ലംഘിക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാനാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നതെന്നും ശബരിമലയില്‍ നാലിടങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫിന്‍റെ സമരം സർക്കാരിനെതിരായല്ല. സാധാരണ ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍. അവർക്ക് ആചാരങ്ങള്‍ പാലിച്ച് ദർശനം നടത്താനുള്ള സാഹചര്യം സര്‍ക്കാർ ഒരുക്കണം. ഭക്തരുടെ ആചാര അനുഷ്ഠാനങ്ങള്‍ സർക്കാർ പോലീസിനെ ഉപയോഗിച്ച് തടസപ്പെടുത്തുന്നതിനെതിരെയാണ് സമരമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

തുടര്‍ന്ന് യു.ഡി.എഫ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതോടെ അല്‍പസമയത്തിന് ശേഷം പോലീസ് ഇവരെ കടത്തിവിടാമെന്ന നിലപാടിലേക്കെത്തി. ആദ്യഘട്ട പ്രതിഷേധം വിജയമെന്ന് പ്രതികരിച്ച യു.ഡി.എഫ് സംഘം തുടര്‍ന്ന് നിലയ്ക്കല്‍ ക്യാംപിലേക്ക് പോകുന്നതായി അറിയിച്ചു. നിലയ്ക്കല്‍ ക്യാംപിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയില്‍ എത്തിച്ചേര്‍ന്നു.

 [yop_poll id=2]