സി.പി.എം നേതൃത്വം നിയമലംഘനങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരാകുന്നു : സതീശൻ പാച്ചേനി

Jaihind News Bureau
Sunday, October 11, 2020

കോവിസ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരോധനാജ്ഞ ഉൾപ്പെടെയുള്ള സർക്കാർ ഉത്തരവുകൾ ലംഘിച്ചുകൊണ്ട് സിപിഎം നേതൃത്വത്തിൽ പാർട്ടി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പൊലീസ് നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഉൾപ്പെടെ പങ്കെടുത്ത് നിയമലംഘനങ്ങൾ നടത്തുമ്പോൾ പൊലീസ് കാഴ്ചക്കാരാകുന്നത് നിയമ പരിപാലന സംവിധാനത്തിന് അപമാനമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിയോജക മണ്ഡലത്തിൽ വാളാങ്കിചാലിലെ മോഹനന്‍റെ അനുസ്മരണ പരിപാടി സിപിഎമ്മിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത് നിരോധനാജ്ഞ ലംഘിച്ച് നിരവധി പേർ പങ്കെടുത്ത് കൊണ്ടായിരുന്നു.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ കൂടുതൽ ആളുകൾ കൂടി നിൽക്കാൻ പാടില്ല എന്നാണ് ചട്ടമെങ്കിലും നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ട് 100ൽ അധികം പേരാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തത്.

മരണപ്പെടുന്നവരുടെ വീടുകളിൽ പോലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് പാർട്ടി പരിപാടിയുടെ പേരിൽ നഗ്നമായ നിയമലംഘനം നടന്നിട്ടുള്ളത് എന്നത് ഗൗരവതരമാണ്.

നിരവധി ആളുകള്‍ പരിപാടിയിൽ പങ്കെടുത്തതായി സിപിഎം പിണറായി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് ലൈവില്‍ തന്നെ വ്യക്തമാണ്. സർക്കാർ നിയമങ്ങൾ പാലിക്കാതെ സി.പി.എമ്മിന് മാത്രം പ്രത്യേക നിയമവുമായി മുന്നോട്ട് പോകാൻ അനുമതി നല്കിയിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കണം.

നിയമസംവിധാനങ്ങളെ പരിഹസിച്ച് കൊണ്ട് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ബോധപൂർവ്വം നടത്തിയ നിയമ ലംഘനത്തിന് എതിരെ പൊലീസ് കേസെടുക്കണമെന്നും ഭരണത്തിന്‍റെ മറ പറ്റി സി.പി.എം നടത്തിയ നിയമ ലംഘനം കണ്ടില്ലെന്ന് നടിക്കാനാണ് അധികൃതരുടെ ഭാവമെങ്കിൽ കോൺഗ്രസ് ശക്തമായ പ്രതികരണവുമായി രംഗത്ത് വരുമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.