കണ്ണൂരില്‍ കോണ്‍ഗ്രസ് മാർച്ചിന് നേരെ പൊലീസ് അതിക്രമം ; പ്രവർത്തകരെ കയ്യേറ്റം ചെയ്തു, പരിക്ക്

 

കണ്ണൂർ : ചെറുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചില്‍ സംഘർഷം. പൊലീസ് അതിക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ച സി.പി.എം പ്രവർത്തകരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ പാടിയോട്ടുചാല്‍ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനുമായ വി.പി നോബിളിന്‍റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിക്കുകയും, വീടിന് തീവെക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരിങ്ങോം, വയക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുപുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സമാധാനപരമായി നടന്ന മാർച്ചിന് നേരെ പോലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു.

 

 

മാർച്ച് തടഞ്ഞ പൊലീസ്, കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ജനപ്രതിനിധികളെയും കയ്യേറ്റം ചെയ്തു. വനിതാ പൊലീസ് ഇല്ലാതെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് നേരിട്ടത്. പൊലീസ് ബലപ്രയോഗത്തിൽ കോൺഗ്രസ് നേതാക്കളായ എ ബാലകൃഷ്ണന്‍, ഡെൽജൊ എം. ഡേവിഡ് എന്നിവർക്ക് പരിക്കേറ്റു.

പ്രതിഷേധ മാർച്ച് ഡി.സി.സി സെക്രട്ടറി എ.പി നാരായണൻ ഉദ്ഘാടനം ചെയ്തു. മാർച്ചിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം സമാധാനപരമായി പിരിഞ്ഞുപോയ പ്രവർത്തകരെ പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

Comments (0)
Add Comment