ഗണേഷിന്‍റെ പിഎയെ അറസ്റ്റ് ചെയ്യണം ; എംഎൽഎ ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ് മാർച്ച് ; പ്രവർത്തകർക്ക് ക്രൂരമർദ്ദനം

Jaihind News Bureau
Sunday, January 17, 2021

 

കൊല്ലം :  പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക്  യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം.  പ്രവർത്തകർക്കു നേരേ പൊലീസ് ലാത്തിവീശി. കഴിഞ്ഞദിവസം വെട്ടിക്കവലയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച  ഗണേഷിന്‍റെ പി.എ പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

പൊലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജൂ ഖാൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നടുറോഡിൽ പിഎയും സംഘവും മർദിച്ചിട്ടും നടപടി എടുക്കാത്ത പൊലീസ് നടപടിക്കെതിരെയായിരുന്നു  പ്രതിഷേധം.

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അതിക്രമം നടന്നത്. ലാത്തിചാർജിൽ പ്രതിഷേധിച്ച് പത്തനാപുരം ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോൺഗ്രസ് നാളെ ഹർത്താൽ ആചരിക്കും.