മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം; ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് നിങ്ങളടിക്കണ്ട ഞങ്ങള്‍ അടിച്ചോളാമെന്ന് പോലീസ്

ആലപ്പുഴ: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. കായംകുളം പുത്തന്‍ റോഡിലാണ് സംഭവം. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള സദസിന്‍റെ ടീഷര്‍ട്ടും ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു.  ഇവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്നാണ് പോലീസ് ലാത്തികൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചത്. ഇതിനിടയില്‍ നിങ്ങളടിക്കണ്ട ഞങ്ങള്‍ അടിച്ചോളാമെന്ന് പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദീപക് കരുവ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ എന്നിവരെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിനിടെ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അടക്കം 30 യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. പ്രതിഷേധം കണക്കിലെടുത്താണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതെന്നാണ് വിശദീകരണം. ഇവരെ കായംകുളം സ്റ്റേഷനിലേക്ക് മാറ്റി.

Comments (0)
Add Comment