ജെഎന്‍യുവില്‍ ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം

Jaihind News Bureau
Tuesday, November 12, 2019

ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയിൽ ഹോസ്റ്റൽ ഫീസ് വർധനയ്ക്കും സമയക്രമത്തിനുമെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം.  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉൾപ്പടെ പങ്കെടുക്കുന്ന ബിരുദദാനചടങ്ങ് ബഹിഷ്‌കരിച്ച് വിദ്യാർഥികൾ കാമ്പസിൽ പ്രകടനം നടത്തി. കഴിഞ്ഞ 10 ദിവസമായി തുടരുന്ന സമരത്തിൽ ചർച്ചകൾക്ക് അധികാരികൾ തയ്യാറായില്ല. സമരം ഇന്നും ക്യാമ്പസിൽ തുടരും.

കഴിഞ്ഞ പത്ത് ദിവസമായി ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് ജെഎൻയുവിൽ വിദ്യാർഥികൾ നടത്തി വന്ന സമരമാണ് കഴിഞ്ഞ ദിവസം അക്രമാസക്തമായാത്. പോലീസ് അനാവശ്യമായി സമരത്തിൽ ഇടപെടുന്നു എന്നാണ് വിദ്യാർത്ഥി പക്ഷം. പുതിയ സമയക്രമത്തിലെ അതൃപ്തിയും വിദ്യാർഥികൾ രേഖാമൂലം വൈസ് ചാൻസലറെ അറിയിച്ചിരുന്നു. എന്നാൽ അധികൃതർ ആരും വിദ്യാർത്ഥികളുമായി ചർച്ചക്ക് എത്തിയില്ല എന്ന ആക്ഷേപവും വിദ്യാർത്ഥികൾക്ക് ഉണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ ഉൾപ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ചാണ് വിദ്യാർഥികൾ കാമ്പസിൽ പ്രകടനം നടത്തിയത്

വൈകുന്നേരത്തോടെ പോലീസ്, അർദ്ധ സൈനികർ ഉൾപ്പെടെ വിദ്യാര്‍ഥികളെ മർദിച്ചു. വിദ്യാർത്ഥികളുടെ സമരത്തിന് അധ്യാപകരുടെ സംഘടന പിന്തുണ അറിയിച്ചു. അവകാശങ്ങൾ നേടി എടുക്കും വരെ സമരം തുടരും എന്നാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇന്ന് മുതൽ വീണ്ടും ക്യാമ്പസിലേക്ക് സമരം വ്യാപിപ്പിക്കാം എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ പിരിഞ്ഞു പോയത്.