പട്ടേലിനെതിരെ ദ്വീപില്‍ കരിങ്കൊടി; നീക്കണമെന്ന് പൊലീസ്, ദൃശ്യങ്ങള്‍ ശേഖരിച്ചു

കവരത്തി : ലക്ഷദ്വീപിലെ കരിദിനാചരണത്തിനെതിരെ പൊലീസ് നടപടി. വീടുകളിലെ കറുത്ത കൊടികള്‍  നീക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തുന്നതിനെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രഫുല്‍ പട്ടേല്‍ എത്തുന്നതിനെതിരെ ദ്വീപിലെ എല്ലാ വീടുകള്‍ക്ക് മുന്നിലും കരിങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്. ദ്വീപില്‍ സമാധാനം ഉറപ്പാക്കുക എന്ന ബാനറുകളും വീടുകള്‍ക്ക് മുന്നിലുണ്ട്.  ഇവ നീക്കം ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്.

അതിനിടെ ലക്ഷദ്വീപിലേക്ക് കൊച്ചി വഴിയുള്ള യാത്ര പ്രഫുല്‍  പട്ടേല്‍ ഒഴിവാക്കി. യുഡിഎഫ് ജനപ്രതിനിധികളുടെ സംഘം പ്രതിഷേധം അറിയിക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രഫുല്‍ പട്ടേല്‍ നേരിട്ട് കവരത്തിയിലേക്ക് പോയത് അറിഞ്ഞതോടെ എം.പിമാരായ ഹൈബി ഈഡന്‍, ടി.എന്‍ പ്രതാപന്‍,  അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ മടങ്ങി.

കേരളത്തിനെതിരെ വിമര്‍ശനവുമായി ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ രംഗത്തെത്തി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരായ ക്യാമ്പെയ്ന്‍ നടത്തുന്നത് കേരളമാണെന്നും വികസനത്തെ എതിര്‍ക്കുന്നവരാണ് ഇതിന് പിന്നിലെന്നുമായിരുന്നു പട്ടേലിന്‍റെ ആരോപണം.

Comments (0)
Add Comment