പൊലീസ് നടപടി പ്രാകൃതം ; ചോരയില്‍ മുക്കി പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വി.ടി ബൽറാം എം.എൽ.എ യെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാകൃതമായ നടപടിയാണിതെന്നും പൊലീസ് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന വ്യാപകമായി സമരo നടത്തുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പോലീസ് നടത്തുന്നത്. ഇത്തരം നീക്കത്തിലൂടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ടെന്ന് രമേശ് ചെന്നിത്തല ഓർമപ്പെടുത്തി. പ്രതിഷേധത്തെ ചോരയിൽ മുക്കാമെന്ന് കരുതേണ്ടെന്നും അതിക്രമം നടത്തുന്ന പോലീസ് നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ക്രൂരമായ മർദനമാണ് പൊലീസ് അഴിച്ചുവിട്ടത്. വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പൊലീസ് നരനായാട്ടില്‍ വി.ടി ബല്‍റാം ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

Comments (0)
Add Comment