യൂണിവേഴ്‌സിറ്റി കോളജ് സംഘർഷം : ഏട്ടപ്പൻ മഹേഷ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പിടികൂടാതെ പോലീസ്

Jaihind News Bureau
Monday, December 2, 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘർഷങ്ങളിലെ മുഖ്യപ്രതി ഏട്ടപ്പൻ മഹേഷടക്കം പ്രധാന പ്രതികളെ പിടികൂടാതെ പോലീസ്. അഞ്ചാം ദിവസവും ഇയാൾ ഒളിവിലെന്ന് പോലീസ് ഭാഷ്യം. തുടർച്ചയായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്‌സിറ്റി കോളേജിന് ഇന്ന് അവധിയാണ്. അതേ സമയം കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ സ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ കൊലവിളി മുഴക്കിയ ശേഷം കെ.എസ്.യു വിദ്യാർഥിയെ മർദിക്കുകയും സർട്ടിഫിക്കറ്റുകൾ കത്തിക്കുകയും ചെയ്ത എം.ആർ.മഹേഷ്‌കുമാറാണ് സംഘർഷങ്ങളിലെ മുഖ്യപ്രതി. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടെങ്കിലും പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തലസ്ഥാനത്തെ ഏതെങ്കിലും സി.പി.എം അനുകൂല കെട്ടിടത്തിൽ തന്നെ പ്രതി ഉണ്ടാകുമെന്നും പൊലീസ് സംശയിക്കുന്നു. പ്രതിയെ പിടികൂടാതെ തിടുക്കപ്പെട്ട് വനിതകളുൾപ്പെടെ 8 കെ എസ് യു പ്രവർത്തകർക്കെതിരെ കള്ള കേസെടുത്തതും. 3 കെ എസ് യു നേതാക്കളെ അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.

സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കോളേജിന് ഇന്ന് അവധിയാണ്. അധ്യാപകർ കോളേജിൽ എത്തണമെന്നും പ്രിൻസിപ്പൽ ഡോ.കെ മണി അറിയിച്ചിട്ടുണ്ട്. അതേ സമയം സമാധാന നടപടികളുടെ ഭാഗമായി ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചു.