അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക


അതിശൈത്യത്തിൽ സ്തംഭിച്ച് അമേരിക്ക. മൈനസ് 27 ഡിഗ്രി തണുപ്പുവരെ ചില സ്ഥലങ്ങളിൽ രേഖപ്പെടുത്തി. തണുപ്പുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം ഏഴ് കടന്നു. അതേ സമയം ഇല്ലിനോയ്, വിസ്‌കോൺസിൻ, മിഷിഗൺ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഉത്തരധ്രുവത്തിൽനിന്നുള്ള ഹിമക്കാറ്റാണ് കൊടുംതണുപ്പിനു കാരണം. തണുപ്പുമായി ബന്ധപ്പെട്ട് 7 പേർ ഒരാഴ്ചയ്ക്കിടെ മരിച്ചു. ശരീരം മരവിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി. ആയിരക്കണക്കിനു വിമാനസർവീസുകൾ മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി. യുഎസ് പോസ്റ്റൽ സർവീസുകൾ ചില സംസ്ഥാനങ്ങളിൽ പത്തു ദിവസത്തേക്കു പ്രവർത്തനം നിർത്തിവച്ചു. വരുംദിവസങ്ങളിൽ അമേരിക്കയുടെ 80 ശതമാനം പ്രദേശങ്ങൾ കൊടുംതണുപ്പിലാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തെ ജനസംഖ്യയുടെ 72 ശതമാനത്തെ ഇതു ബാധിക്കും. ജനസംഖ്യയുടെ 25 ശതമാനവും നേരിടേണ്ടത് പൂജ്യത്തിനു താഴെ ഡിഗ്രി സെൽഷ്യസ് തണുപ്പാണ്.
അമേരിക്ക ഇത്രയും വലിയ തണുപ്പ് നേരിടേണ്ടിവരുന്നത് അപൂർവമാണ്. ഷിക്കാഗോയിൽ തണുപ്പ് റിക്കാർഡിട്ടു. മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ രേഖപ്പെടുത്തി. തെരുവിൽ കഴിയുന്നവർക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 2700 വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 1550ഉം ഷിക്കാഗോയിലെ വിമാനത്താവളങ്ങളിലേതാണ്. ഷിക്കാഗോയിലേക്കുള്ള ട്രെയിൻ സർവീസുകളും നിർത്തി. മൈനസ് 32 ഡിഗ്രിയിലുള്ള തണുപ്പ് 15 മിനിട്ട് നേരിട്ടാൻ ശരീരം മരവിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നല്കി.

USPolar Vortex
Comments (0)
Add Comment