കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന്.

വ്യവസായ വകുപ്പിൽ ജീവനക്കാരനായിരുന്ന ചുനക്കര രാമൻകുട്ടി ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് പ്രശസ്തനായത്.  ആകാശ വാണിക്കുവേണ്ടി നിരവധി നാടകങ്ങൾ എഴുതുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്‌സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻകുട്ടി ബന്ധപ്പെട്ടത്.  വിവിധ നാടക സമിതികൾക്കായി നൂറുകണക്കിനു ഗാനങ്ങൾ എഴുതി.

അധിപനിലെ ‘ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ അദ്ദേഹത്തിന്‍റെ തുലികയിൽ പിറന്നവയായിരുന്നു.  ദേവീ നിൻ രൂപം , സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു എന്നീ ഗാനങ്ങളും അദ്ദേഹത്തിന്‍റെ സംഭാവനയാണ്.

1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ് അദ്ദേഹത്തിന്‍റെ ജനനം. 75 ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

വിവിധ നാടക സമിതികൾക്കായി നൂറുകണക്കിനു ഗാനങ്ങൾ എഴുതിയ ശേഷം പിന്നണി ഗാന രംഗത്തേക്ക് എത്തി. 1978ൽ ‘ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടി ഗാനം എഴുതിക്കൊണ്ടാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ഇതിനിടെ സ്വന്തമായൊരു നാടകസിമിതി രൂപീകരിച്ചു. ‘മലയാള നാടകവേദി’എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ആകാശവാണിയിലെ ലളിതസംഗീതത്തിലേക്ക് ചുവടുമാറ്റി. 1978ൽ ആശ്രമം എന്ന ചിത്രത്തിലെ ‘അപ്സരകന്യക’ എന്ന ഗാനം എഴുതിയാണ് ചുനക്കര സിനിമയിലേക്കു പ്രവേശിച്ചത്.

എങ്ങനെ നീ മറക്കും എന്ന സിനിമയ്ക്കുവേണ്ടി ശ്യാം ചിട്ടപ്പെടുത്തിയ ദേവദാരു പൂത്തു, എൻ മനസ്സിൻ താഴ്വരയിൽ’ എന്ന ഒറ്റഗാനം മതി മലയാള സിനിമാഗാനപ്രേമികൾക്ക് ചുനക്കര രാമൻകുട്ടിയെ എന്നും ഓർമിക്കാൻ. കൊച്ചു കുട്ടികളുടെ മനസ്സിനെ പോലും കീഴടക്കുന്ന മാധുര്യം ആണ് ഈ ഒറ്റ ഗാനത്തിലൂടെ ചുനക്കര രാമൻകുട്ടി കേരളക്കരയ്ക്ക് സമ്മാനിച്ചത്.

സിന്ദൂരതിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ, ധനുമാസക്കാറ്റേ വായോ, അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ, ഹൃദയവനിയിലെ ഗായികയോ..’ പാതിരാ താരമേ സ്നേഹപൂക്കൾ , ശരത്കാല സന്ധ്യാ കുളിർതൂകി നിന്നു , ധനുമാസക്കാറ്റേ വായോ വായോ, ചന്ദനക്കുറിയുമായി വാ സുകൃതവനിയിൽ തുടങ്ങി ധാരാളം ഗാനങ്ങളാണ് ഈ പ്രതിഭ മലയാളത്തിന് സമ്മാനിച്ചത്.

https://www.youtube.com/watch?v=wX-vJd7XDUo

ഗാനരചയിതാവായി പേരെടുത്തെങ്കിലും ഗായകനായി അറിയാനായിരുന്നു ചുനക്കരയ്ക്ക് ആഗ്രഹം. 40 വർഷം നീണ്ട കാവ്യസപര്യയിൽ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. യേശുദാസ് മുതൽ മോഹൻലാലും മാളാ അരവിന്ദനും വരെ അദ്ദേഹത്തിന്‍റെ വരികൾ പാടി.

1994 വരെ തുടർച്ചയായി ചുനക്കര പാട്ടെഴുതി. 2001ൽ ‘നിന്നെയും തേടി’ എന്ന സിനിമയിലൂടെ രണ്ടാം വരവുണ്ടായി.

2015 ൽ സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. മലയാളക്കരയ്ക്ക് ഓർമയുടെ ഒരുപിടി മധുര ഗാനങ്ങൾ സമ്മാനിച്ച ചുനക്കര രാമൻ കുട്ടിക്ക് മലയാള നാടിന്‍റെ വിട.

Comments (0)
Add Comment