പതിനാലുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ പോക്സോ കേസ്

Jaihind Webdesk
Saturday, January 15, 2022

പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവിനെതിരെ കാസർകോട് ആദൂർ പൊലീസ് പോസ്കോ പ്രകാരം കേസെടുത്തു. ഡിവൈഎഫ്ഐ ഇരിയണ്ണി യൂണിറ്റ് പ്രസിഡണ്ടും സിപിഐഎം മെമ്പറും പാർട്ടി നിയന്ത്രണത്തിലുള്ള വനിതാ സഹകരണ സംഘം രാത്രി കാവൽക്കാരനായ ടി സുമേഷിനെതിരെയാണ് ആദൂർ പോലീസ് കേസെടുത്തിരിക്കുന്നത്.പീഡന സംഭവം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്‍റെ നിർദ്ദേശപ്രകാരമാണ്  നടപടി. മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ ഈ വിഷയം ഉന്നയിച്ചു സമരവും നടത്തിയിരുന്നു. ഡിവൈഎഫ്ഐ നേതാവ് തന്നെ 10 വയസ്സുമുതൽ പീഡിപ്പിക്കുന്നതായുള്ള പെൺകുട്ടിയുടെ ശബ്ദ സന്ദേശം പോലീസിന് ലഭിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി സിപിഎം നേതൃത്വത്തിന് നേരത്തെ പരാതി നൽകിയിരുന്നു . പ്രതി കൂടുതൽ പേരെ  ഇത്തരത്തിൽ പീഡിപ്പിച്ചു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.

പാർട്ടിയുടെ ലോക്കൽ കമ്മിറ്റി യോഗം ചേർന്ന് സുമേഷിനെ പുറത്താക്കാൻ തീരുമാനിക്കുകയും  പരാതി പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രേഖാമൂലമുള്ള പരാതി ലഭിക്കാത്തതിനാൽ വിട്ടയക്കുകയായിരുന്നു. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഇരിയണ്ണി ബ്രാഞ്ച് അംഗം കൂടിയായ ടി സുമേഷിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചു. സംഘടനയിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും വ്യക്തമാക്കി.