20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശ, 21 ദിവസം കൊണ്ട് കൊവിഡ് പോരാട്ടം വിജയം കാണുമെന്ന പ്രധാനമന്ത്രിയുടെ വിശ്വാസം തെറ്റായിരുന്നെന്ന് സോണിയാ ഗാന്ധി

Jaihind News Bureau
Friday, May 22, 2020

 

21 ദിവസം കൊണ്ട് കൊവിഡ് പോരാട്ടം വിജയം കാണുമെന്ന പ്രധാനമന്ത്രിയുടെ വിശ്വാസം തെറ്റായിരുന്നെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കൊവിഡ് പരിശോധനകൾ നടത്തുന്നതിലും പരിശോധന കിറ്റുകൾ എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ക്രൂരമായ തമാശയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. അംഫൻ ദുരന്തം വിതച്ച പശ്ചിമ ബംഗാൾ ഒഡിഷ സംസ്ഥാനങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ നൽകി. അംഫൻ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന പ്രമേയം യോഗം പാസാക്കി.

രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു. 21 ദിവസത്തെ പോരാട്ടം എന്നാണ് കൊവിഡ് പോരാട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോഴും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നു. 4 മണിക്കൂർ സാവകാശം നൽകിയാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വേണ്ടത്ര കൂടി ആലോചനകൾ ഇല്ലാഞ്ഞിട്ടും പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകി. പക്ഷേ കൊവിഡ് പരിശോധനകളിൽ ഉൾപ്പെടെ സർക്കാരിന് ഉത്തരവാദിത്വം നിറവേറ്റാൻ കഴിഞ്ഞില്ല. കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തി. ഇവർക്ക് യാത്ര സൗകര്യം ഒരുക്കുന്നതിൽ ഉൾപ്പെടെ സർക്കാർ പരാജയപ്പെട്ടുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ക്രൂരമായ തമാശ ആയിരിന്നു. സാമ്പത്തിക പാക്കേജിന്‍റെ പേരിൽ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുകയാണ് സർക്കാർ ചെയ്തത്. കൊവിഡ് സാഹചര്യo പാർലമെന്‍റില്‍ വേണ്ടപ്പെട്ടവരുമായി ചർച്ച ചെയ്തില്ല എന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പറഞ്ഞു.

പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തില്‍ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നടത്തിയ ആമുഖ പ്രസംഗത്തിന്‍റെ  പൂര്‍ണരൂപം

നമസ്കാരം,

ഞാൻ നിങ്ങളെ ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ യോഗം നടത്താൻ നിങ്ങൾ ഓരോരുത്തരും ഞങ്ങളെ സഹായിച്ചതിൽ ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു. ആദ്യമായി നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഉംപുൺ ചുഴലിക്കാറ്റിൽ മരിച്ചവർക്കായി അനുശോചനം രേഖപ്പെത്തുന്നു. പശ്ചിമബംഗാളിലും ഒഡീഷയിലും ഉണ്ടായ വൻ നാശനഷ്ടത്തിൽ 80 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ലോക്ക്ഡൗണും നിലവിലെ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് മുമ്പ് ആദ്യത്തെ കൊറോണ വൈറസ് കേസുകൾ തിരിച്ചറിയുന്നതിന് മുമ്പുതന്നെ ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നുവെന്ന് ഞാൻ ചൂണ്ടികാണിക്കാൻ ആഗ്രഹിക്കുന്നു. തിടുക്കത്തിലുള്ള നോട്ട് നിരോധനവും പിഴവുകളുള്ള ജി.എസ്.ടി നടപ്പിലാക്കിയതും അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. സാമ്പത്തിക മാന്ദ്യം 2017-18 മുതൽ തന്നെ രാജ്യത്ത് ആരംഭിച്ചു. ജി.ഡി.പി വളർച്ചയുടെ ഏഴ് പാദങ്ങളും സാധാരണ നിലയിലായിരുന്നില്ല. അത് അഭൂതപൂർവമായിരുന്നു. എന്നിട്ടും സർക്കാർ വഴിതെറ്റിയ നയങ്ങളും കഴിവില്ലാത്ത ഭരണവും തുടർന്നു.

നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മാർച്ച് 11 ന് ലോകാരോഗ്യ സംഘടന കൊവിഡിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. പ്രതിപക്ഷത്തുള്ള നമ്മളെല്ലാം സർക്കാരിന് നമ്മുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. മാർച്ച് 24ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ, വെറും നാല് മണിക്കൂർ മുമ്പ് മാത്രമാണ് അറിയിപ്പ് നൽകിയത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് തയ്യാറെടുപ്പുകളോ വ്യക്തതയുള്ള തീരുമാനങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മൾ എല്ലാവരും ആ തീരുമാനത്തെ പിന്തുണച്ചു.

രാജ്യത്ത് 21 ദിവസത്തിനുള്ളിൽ വൈറസിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭ ശുഭാപ്തിവിശ്വാസം തെറ്റായി മാറി. ഒരു വാക്സിൻ കണ്ടെത്തുന്നതുവരെ വൈറസ് ഇവിടെ ഉണ്ടാകും. ലോക്ക്ഡൗണുകളുടെ മാനദണ്ഡത്തെ ക്കുറിച്ച് സർക്കാരിന് അനിശ്ചിതത്വമുണ്ടായിരുന്നുവെന്നും അതിനൊരു വ്യക്തത ഇല്ലായിരുന്നുവെന്നും ഞാൻ കരുതുന്നു. തുടർച്ചയായ ലോക്ക് ഡൗണുകൾ ജനങ്ങളുടെ വരുമാനം ഇടിച്ചു. കിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിലും വേണ്ടത്ര പരിശോധന നടത്തുന്നതിലും സർക്കാരിന് പാളിച്ചപ്പറ്റി. അതേസമയം, പകർച്ചവ്യാധിയുടെ വ്യാപനം തുടരുകയാണ്.
നമ്മുടെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായി തകർന്നിരിക്കുന്നു. പ്രശസ്‌തരായ ഓരോ സാമ്പത്തിക ശാസ്ത്രജ്ഞരും ഒരു വലിയ സാമ്പത്തിക പാക്കേജിന്റെ അടിയന്തര ആവശ്യം നിർദ്ദേശിച്ചിരുന്നു. പ്രധാനമന്ത്രി നടത്തിയ 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ പ്രഖ്യാപനവും അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ധനമന്ത്രി നടത്തിയ അതിന്റെ വിശദാംശങ്ങളും രാജ്യത്തെ ക്രൂരമായ തമാശയായി മാറി.

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കൈ കുഞ്ഞുങ്ങളുമായി നൂറുകണക്കിന് കിലോമീറ്ററുകൾ നടക്കുകയാണ്. പണമോ ഭക്ഷണമോ മരുന്നുകളോ ഇല്ലാതെ സ്വന്തം സംസ്ഥാനങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് അവരെല്ലാം. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ കൂടാതെ, രാജ്യത്ത് ക്രൂരമായി അവഗണിക്കപ്പെട്ടവരിൽ ജനസംഖ്യയുടെ പകുതിയിലുള്ള 13 കോടി കുടുംബങ്ങൾ ഉൾപ്പെടുന്നു. അതായത് സ്വന്തമായി ഭൂമിയില്ലാത്ത കർഷകരും അനുബന്ധ കാർഷിക തൊഴിലാളികളും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരും കടയുടമകളും സ്വയംതൊഴിലുടമകളും അങ്ങനെ ആ പട്ടിക നീളുകയാണ്. നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ നയിക്കുന്ന 6.3 കോടി ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾ വൻകിട കച്ചവടക്കാർ ഉൾപ്പെടെയുള്ള സംഘടിത വ്യവസായങ്ങൾ എല്ലാം തകർച്ചയുടെ വക്കിലാണ്.

ദരിദ്രർക്ക് പണം നേരിട്ട് കൈമാറണം. എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം വിതരണം ചെയ്യണം. കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ ബസുകളും ട്രെയിനുകളും ക്രമീകരിക്കണമെന്ന് നമ്മളിൽ പലരും പലതവണ പറഞ്ഞു. ജീവനക്കാരെയും തൊഴിലുടമകളെയും സംരക്ഷിക്കുന്നതിന് വേതന സഹായവും വേതന സംരക്ഷണ ഫണ്ടുകളും രൂപീകരിക്കണമെന്ന് ഞങ്ങൾ ഊന്നിയൂന്നി പറഞ്ഞു. ഞങ്ങളുടെ അപേക്ഷ ബധിരരായവരുടെ ചെവിയിൽ പതിച്ചിട്ടുണ്ട്.
സഹായവും പിന്തുണയും നൽകുന്നതിനു പകരം മഹത്തായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയും തൊഴിൽ നിയമങ്ങൾ റദ്ദാക്കലും ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്ന വന്യമായ സാഹസികതയാണ് സർക്കാർ ആരംഭിച്ചത്. പാർലമെന്റിൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുകയോ ചർച്ച നടത്തുകയോ ചെയ്യുന്നില്ല. ഈ ഏകപക്ഷീയമായ നീക്കങ്ങൾ നമ്മൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം.

മൈനസ് 5 ശതമാനം വരെ നെഗറ്റീവ് വളർച്ചയോടെ 2020-21 സാമ്പത്തികവർഷം അവസാനിക്കുമെന്ന് നിരവധി പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. അനന്തരഫലങ്ങൾ ദുരന്തമായിരിക്കും. ഇതിനൊന്നും തന്നെ സർക്കാരിന് പരിഹാരങ്ങളില്ല എന്നത് ആശങ്കാജനകമാണ്. ഈ സർക്കാരിന് ദരിദ്രരോടും ദുർബലരോടും സഹാനുഭൂതിയോ അനുകമ്പയോ ഇല്ല എന്നത് ഹൃദയഭേദകമാണ്.

ജനാധിപത്യ സർക്കാർ എന്ന വ്യാജേനയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. എല്ലാ അധികാരവും ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് ഒരു ഓഫീസിലേക്കാണ്, പ്രധാനമന്ത്രിയുടെ ഓഫീസ്. നമ്മുടെ ഭരണഘടനയുടെ അവിഭാജ്യ ഘടകമായ ഫെഡറലിസത്തിന്റെ അന്തസത്ത സർക്കാർ മറന്നുപോയിരിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളുടെയോ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയോ യോഗം വിളിക്കുമോ എന്നതിന് ഒരു സൂചനയും ഇല്ല. സുഹൃത്തുക്കളേ, ക്രിയാത്മകമായ വിമർശനങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മൾ ജനങ്ങളുടെ ശബ്ദമാകുകയും ചെയ്യണം. ആ മനോഭാവത്തിന്റെ പുറത്താണ് നാം ഇന്ന് കണ്ടുമുട്ടുന്നത്. നിങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കാൻ ഓരോരുത്തരോടും ഞാൻ അഭ്യർത്ഥിക്കുന്നു.