‘മോദിയെ തെല്ലും ഭയമില്ല; പ്രധാനമന്ത്രിയുടെ ശരീരഭാഷ അദ്ദേഹത്തിന്‍റെ ഭയം വ്യക്തമാക്കുന്നു, അദാനി ബന്ധത്തിന് തെളിവുകളുണ്ട്’; രാഹുല്‍ ഗാന്ധി

 

മീനങ്ങാടി/വയനാട്: പാർലമെന്‍റിൽ ഉന്നയിച്ച അദാനി–മോദി ബന്ധം ആവർത്തിച്ച് രാഹുല്‍ ഗാന്ധി. മോദിയെ ഭയമില്ലെന്നും അദാനി ബന്ധത്തില്‍ സത്യമേ പറഞ്ഞുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  പ്രധാനമന്ത്രിക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയാണ്? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വയനാട്ടിലെ മീനങ്ങാടിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

താന്‍ മാന്യമായ ഭാഷയിലാണ് പാർലമെന്‍റിൽ സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെന്‍റിലെ തന്‍റെ പ്രസംഗത്തിലെ ഭൂരിഭാഗവും നീക്കം ചെയ്തു. എന്നാൽ തന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം പ്രധാനമന്ത്രി വ്യക്തിപരമായി അപമാനിക്കുകയാണുണ്ടായത്. ഇത് പാർലമെന്‍റ് രേഖകളിൽ നിന്ന് നീക്കം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എയർപോർട്ട് സർവീസിന്‍റെ 30 ശതമാനവും അദാനിയുടെ കൈകളിലായത് മോദിയുമായുള്ള ബന്ധം കാരണമാണ്. അദാനിക്ക് വേണ്ടി എങ്ങനെയാണ് ചട്ടങ്ങള്‍ മറികടന്നതെന്നാണ് താന്‍ പാർലമെന്‍റില്‍ ചൂണ്ടിക്കാട്ടിയത്. അദാനിക്ക് കരാര്‍ ലഭിക്കാനായി നരേന്ദ്ര മോദി സമ്മർദ്ദം ചെലുത്തിയെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് വെളിപ്പെടുത്തിയതായി അവരുടെ സർക്കാരിലെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ട്. അദാനിയുടെയും അംബാനിയുടെയും പേരുമായി മോദിയുടെ പേര് ചേർത്തുപറയുന്നത് അധിക്ഷേപമാണെങ്കില്‍ ഇന്‍റർനെറ്റില്‍ ഇവർ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രധാനമന്ത്രി അദാനിയുടെ ഫ്ലൈറ്റില്‍ സഞ്ചരിക്കുന്നതും തമാശ പറഞ്ഞ് ചിരിക്കുന്നതുമായ നിരവധി ചിത്രങ്ങളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയുടെ കൈയില്‍ എല്ലാ ഏജന്‍സികളുമുണ്ട്. എന്നാല്‍ അദ്ദേഹത്തെ താന്‍ ഭയക്കുന്നില്ല. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗ സമയത്തെ ശരീരഭാഷ തന്നെ അദ്ദേഹത്തിന്‍റെ ഭയം വ്യക്തമാക്കുന്നു. താൻ ഏറ്റവും അവസാനം ഭയപ്പെടുന്ന വ്യക്തിയാണ് മോദി. ഒരുദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടിവരും. പ്രസംഗങ്ങളില്‍ പറഞ്ഞതിന് തെളിവ് വേണമെന്ന് പാര്‍ലമെന്‍റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം നല്‍കാമെന്ന് മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment