ലൗ ജിഹാദ് പരാമർശം ; കേരളത്തിൽ മതധ്രൂവീകരണമുണ്ടാക്കാന്‍ സിപിഎമ്മിന്‍റെ ആസൂത്രിത ശ്രമം : പിഎംഎ സലാം

Jaihind Webdesk
Wednesday, April 13, 2022

മലപ്പുറം :  കേരളത്തിൽ മത ധ്രുവീകരണത്തിന് സി.പി.എം ശ്രമമെന്ന് മുസ്ലീം ലീഗ്. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു. ജോർജ് എം തോമസ് പറഞ്ഞതും ഇതിന്‍റെ  ഭാഗമാണെന്നും,  ജോർജ് എം തോമസിന്‍റേത് നാക്കു പിഴയായി കാണാനാവില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാം മലപ്പുറത്ത് പറഞ്ഞു.

ലൗ ജിഹാദ് ഉത്തേരേന്ത്യയിൽ ബി.ജെ.പി ഉയർത്തുമ്പോൾ  കേരളത്തിൽ സിപിഎം ഉയർത്തുന്നു. പാർട്ടി സമ്മേളനം ചർച്ച ചെയ്തെന്നും രേഖയിൽ ഉണ്ടന്നും പറഞ്ഞതിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സലാം ആവശ്യപ്പെട്ടു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം.തോമസാണ് ‘ലൗ ജിഹാദ്’ പരാമർശം ഉയർത്തിയത്. ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ  സെക്രട്ടറി ഷെജിന്‍റെയും ജോയ്സനയുടെയും വിവാഹം ലൗജിഹാദിനു സമാനമാണെന്നാണ് നേതാവ് പറഞ്ഞത്. ലൗ ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. ഡി.വൈ.എഫ്.ഐ നേതാവ് ഷെജിനും ജോയ്സ്നയും പ്രണയിച്ചത് പാര്‍ട്ടിയോട് പറഞ്ഞിട്ടല്ലെന്നും അവര്‍ ഒളിച്ചോടിയത് ശരിയായില്ല. ക്രൈസ്തവര്‍ പാര്‍ട്ടിയോട് അടുക്കുന്ന സമയത്ത് ഇത് വേണ്ടായിരുന്നു. പാര്‍ട്ടിക്ക് ഈ ഒളിച്ചോട്ടം വലിയ തിരിച്ചടിയാണെന്നായിരുന്നു സിപിഎം നേതാവിന്‍റെ പരാമർശം.