ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ, വിളക്കോ, ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി; പക്ഷേ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മുഖ്യം; വീട്ടിലിരുന്ന് ലൈറ്റടിച്ചാല്‍ മതി, പുറത്തിറങ്ങേണ്ട..!

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ, വിളക്കോ, ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 24ന് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ വീഡിയോ വഴി അഭിസംബോധന ചെയ്യുന്നു എന്ന വാർത്ത എത്തിയതോടെ . ലോക്ഡൗണ്‍ തുടരുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചേക്കും എന്നൊക്കെയുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് പുതിയ പരിപാടിയുമായി പ്രധാനമന്ത്രിയുടെ വീഡിയോ എത്തിയത്.

” രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒമ്പത് ദിവസമായി. ലോക്ക് ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് നന്ദി. ഇത് സാമൂഹ്യപ്രതിബദ്ധതയുടെ തെളിവാണെന്നും മോദി പറഞ്ഞു. ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായി. ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് രാജ്യത്തെ 130 കോടി ജനങ്ങള്‍ പ്രകാശം പരത്തുക. വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടത്. മെഴുക് തിരി, വിളക്ക്, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് ഇവയേതെങ്കിലും കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തിപ്പിടിക്കുക. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണം” – മോദി പറഞ്ഞു.

എന്നാല്‍, വെളിച്ചം തെളിയിക്കുന്നതിനായി ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. വീട്ടിലെ വാതിലിനടുത്തോ ബാല്‍ക്കണിയില്‍ നിന്നോ ആണ് വെളിച്ചം തെളിയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ മാര്‍ച്ച് 22 ലെ ജനതാ കര്‍ഫ്യൂവിന് ശേഷം വൈകിട്ട് 5ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കാന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തെ പലയിടത്തും ആളുകള്‍ കൂട്ടത്തോടെ ഇതിനായി പുറത്തിറങ്ങുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാമൂഹിക അകലം പാലിക്കണമെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞത്.

PM Narendra Modi
Comments (0)
Add Comment