രാജസ്ഥാനില്‍ മോദി പ്രസംഗിച്ചത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത; തോല്‍വി ഉറപ്പായതോടെ പ്രധാനമന്ത്രി വര്‍ഗീയ വിഷം ചീറ്റുന്നു: വി.ഡി. സതീശന്‍


പാലക്കാട്: പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാജസ്ഥാനില്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് മോദി പ്രസംഗിച്ചതെന്ന് ഇത് ബിജെപിയുടെ ഭയത്തില്‍ നിന്നാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത്തരം വർഗീയ അജണ്ടകള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

“തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്‍ പേടിക്കേണ്ട അധികാരത്തില്‍ വരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബി.ജെ.പിക്ക് ഭയം തുടങ്ങി. അതിന്റെ ഭാഗമായാണ് രാജസ്ഥാനില്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത മോദി പ്രസംഗിച്ചത്. പ്രധാനമന്ത്രി വിഷം ചീറ്റുകയാണ്. ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കാണ് കൂടുതല്‍ സ്വത്ത് നല്‍കേണ്ടതെന്നും അതുകൊണ്ട് സമ്പത്ത് മുഴുവന്‍ മുസ്ലീംകള്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് പറഞ്ഞെന്നാണ് മോദി പ്രസംഗിച്ചത്. തിരഞ്ഞെടുപ്പിന്റെ പ്രധാനഘട്ടത്തില്‍ വിദ്വേഷത്തിന്റെ കാമ്പയിനാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ വര്‍ഗീയ അജണ്ടയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം വേണമെന്നാണ് ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞത്. സമ്പത്തിന്റെ നീതി പൂര്‍വകമായ വിതരണം നടന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും. സമ്പത്തിന്റെ നീതിപൂര്‍വകമായ വിനിയോഗത്തെ കുറിച്ച് ഡോ മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസംഗമാണ് നരേന്ദ്ര മോദി ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് വന്ന് ക്രൈസ്തവരെ ചേര്‍ത്ത് പിടിക്കുമെന്ന് പറയുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങളും ക്രൈസ്തവരും ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരില്‍ മുന്നൂറോളം പള്ളികളാണ് കത്തിച്ചത് നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു പതിനായിരങ്ങള്‍ പലായനം ചെയ്തു. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന് വന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. മണിപ്പൂരില്‍ പോയി സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിച്ചത് രാഹുല്‍ ഗാന്ധി മാത്രമാണ്. നിരവധി വൈദികരും പാസ്റ്റര്‍മാരും ജയിലുകളിലാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് പീഡനമേറ്റ് ജയിലില്‍ മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍സാമിയുടെ എന്‍പത്തി ഏഴാം ജന്മദിനാണ്. വര്‍ധക്യവും രോഗവും ബാധിച്ച് ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാന്‍ സാധിക്കാത്ത ആളെയാണ് ക്രൂരമായ വിധിക്ക് വിധേയമാക്കിയത്.

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ യുഡിഎഫും കോണ്‍ഗ്രസും മിണ്ടിയില്ലെന്നാണ് ബിജെപി ഇന്ന് നല്‍കിയ പരസ്യത്തില്‍ പറയുന്നത്. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികരിച്ചതും സമരം നടത്തിയതുമൊക്കെ കോണ്‍ഗ്രസും യുഡിഎഫുമാണ്. കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ നിരാഹാരസമരം ആരംഭിച്ചതിന്‍റെ ആറാം ദിനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്. വര്‍ഗീയ പ്രചരണമാണ് മാധ്യമങ്ങളിലൂടെ ബിജെപി നടത്തുന്നത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണത്തിലേക്കാണ് ബിജെപി പോകുന്നത്.

വടക്കേ ഇന്ത്യയിലേതു പോലെ തിരുവനന്തപുരത്തും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്നാണ് യുഡിഎഫ് പരാതി നല്‍കിയത്. എന്നാല്‍ ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബിജെപി അഴിമതി കാട്ടിയെന്നു പോസ്റ്റിട്ടയാള്‍ക്കെതിരെ മോദിയുടെ സത്‌പേരിന് കളങ്കമുണ്ടാക്കുന്നെന്നു കാട്ടി പിണറായിയുടെ പൊലീസ് കേരളത്തില്‍ കേസെടുക്കുകയാണ്. വര്‍ഗീയതയാണ് ബിജെപി സംസാരിക്കുന്നതെന്ന് പറഞ്ഞ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും പൊലീസ് കേസെടുത്തു. എന്നാല്‍ പ്രതിപക്ഷ നേതാവ് നല്‍കിയ 9 പരാതികളിലും കേസില്ല. ഞാന്‍ പോലും പറായാത്ത കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതെന്ന് നരേന്ദ്ര മോദി പോലും പറഞ്ഞു. മോദിയെ സന്തോഷിപ്പിക്കാനാണ് പിണറായി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്. അതുകൊണ്ടാണ് പിണറായി വിജയനെ കസവ് കെട്ടിയ പേടിത്തൊണ്ടനാണെന്ന് പറഞ്ഞത്.”

 

 

Comments (0)
Add Comment