
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നു സമ്മതിച്ചു. പദ്ധതിയില്‍ ഒപ്പിടുന്നതിന് മുമ്പ് മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ പൂര്‍ണ്ണമായ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
‘ചര്‍ച്ചയില്ലാതെയാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്, അതില്‍ വീഴ്ചയുണ്ടായി. മന്ത്രിസഭയില്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിലും ചര്‍ച്ച നടത്തിയിട്ടില്ല,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഈ പ്രസ്താവന, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങളെയും സര്‍ക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങളെയും സാധൂകരിക്കുന്നതായി.
പിഎം ശ്രീ പദ്ധതിയിലെ വീഴ്ച തുറന്നുസമ്മതിച്ചത് സിപിഎമ്മിനുള്ളില്‍ത്തന്നെ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിംഗ് ഉള്ള പദ്ധതികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ നിന്നുള്ള വ്യതിചലനമായി ഇതിനെ പക്ഷേ വിലയിരുത്താനായിട്ടില്ല. പിഎം ശ്രീ പദ്ധതിയില്‍ പിണറായി വിജയന്റെ പിന്മാറ്റം തന്നെ രാഷ്ട്രീയമായി വിശ്വസനീയമായ നിലപാടായി ആരും അംഗീകരിച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടി സെക്രട്ടറിയുടെ ഈ തുറന്നു പറച്ചില്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ മാനം നല്‍കുമെന്നുറപ്പാണ്.