LDF Meeting| പി.എം. ശ്രീ വിവാദം: കടുത്ത ഭിന്നതകള്‍ക്കിടെ ഇന്ന് നിര്‍ണായക എല്‍ഡിഎഫ് യോഗം

Jaihind News Bureau
Sunday, November 2, 2025

 

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ കടുത്ത അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തില്‍, മുന്നണിയിലെ നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഇടതുമുന്നണി യോഗം ചേരും. വൈകുന്നേരം 4 മണിക്ക് എ.കെ.ജി. സെന്ററിലാണ് നിര്‍ണായകമായ യോഗം നടക്കുക.

നയപരമായ വിഷയങ്ങളില്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ സി.പി.എം. ഏകപക്ഷീയമായി തീരുമാനമെടുത്തതിനെതിരെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നേക്കും. സി.പി.ഐയും സി.പി.എമ്മും താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ തീരുമാനം മറ്റ് ഘടകകക്ഷികളില്‍ സൃഷ്ടിച്ച ആശങ്കകളും അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. എല്‍.ഡി.എഫിലെ മറ്റ് കക്ഷികളുടെ നിലപാടുകളും ഈ വിഷയത്തില്‍ നിര്‍ണായകമാകും.

അതേസമയം, സി.പി.എം. നേതൃയോഗത്തിനും ഇന്ന് തുടക്കമാകും. പാര്‍ട്ടിയില്‍ കാര്യമായ ചര്‍ച്ച നടത്താതെ ഒരു വിഭാഗം എടുത്ത തീരുമാനത്തിനെതിരെ സി.പി.എം. സംസ്ഥാന സമിതിയിലും വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണ് മുന്നണിയില്‍ ഇത്രയും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. രാഷ്ട്രീയപരവും നയപരവുമായ ഈ വീഴ്ച സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കും.