‘പെഗാസസ് ഫോണ്‍ ചോർത്തല്‍ നടന്നോ ഇല്ലയോ?’ ; പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് പി ചിദംബരം

ന്യൂഡല്‍ഹി : പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോൺ ചോര്‍ത്തല്‍ നടന്നോ ഇല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. വിഷയത്തില്‍ മോദി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം അന്വേഷിക്കാന്‍ പാർലമെന്‍ററി കമ്മിറ്റി രൂപീകരിക്കുകയോ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയോ ചെയ്യണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

അനധികൃതമായി ഒരു നിരീക്ഷണവും ചോര്‍ത്തലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് നിയമപരമായ ചോര്‍ത്തല്‍ നടന്നോ എന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തല്‍ നടന്നുവെങ്കില്‍ ആരാണ് അതിന് പിന്നില്‍ എന്ന് കേന്ദ്രം വ്യക്തമാക്കണം. പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ പ്രധാനമന്ത്രി ഇതു സംബന്ധിച്ച് പ്രസ്താവന നടത്തണമായിരുന്നുവെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ഇത്തരമൊരു സംഭവം നടന്നിട്ടും അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറയുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം. കാര്യങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയിലെ രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ മുന്നൂറിലേറെ പേരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടേത് ഉള്‍പ്പെടുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുണ്ടായിട്ടും വിഷയത്തില്‍ കൃത്യമായ പ്രതികരണം നടത്താന്‍ കേന്ദ്രം തയാറായില്ല.

Comments (0)
Add Comment