‘ഇഎംഎസ് നോക്കിയിട്ട് പറ്റിയില്ല, പിന്നെയല്ലേ കോടിയേരി’; രമേശ് ചെന്നിത്തലയ്ക്കെതിരായ ഇടതു നീക്കത്തിനെതിരെ പി.എം.സാദിഖലി

Jaihind News Bureau
Monday, August 3, 2020

പ്രതിപക്ഷാ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ പരാമർശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.സാദിഖലി. ഇഎംഎസ് കെ കരുണാകരനെതിരെ പ്രയോഗിച്ചിട്ട് നടക്കാത്തതാണ് അദ്ദേഹത്തിന്‍റെ ശിഷ്യനായ രമേശ് ചെന്നിത്തലക്കെതിരെ വെറും കുഴിയാനയായ കൊടിയേരി ഇപ്പോൾ പയറ്റുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘പ്രതിപക്ഷ നേതാവിന്‍റെ ഒന്നിന് പിറകെ ഒന്നായ അഴിമതിയാരോപണങ്ങൾക്ക് ഇങ്ങനെ അദ്ദേഹത്തെ ശരിയാക്കി കുളം കലക്കി മീൻ പിടിക്കാമെന്നുള്ള കോടിയേരി തന്ത്രം പക്ഷെ അങ്ങേയറ്റം തരം താണതായിപ്പോയി. രമേശ് ചെന്നിത്തല ഒന്നാന്തരം ഹൈന്ദവ വിശ്വാസിയാണെന്നാണ് കരുതുന്നത്. അങ്ങിനെയാവണമെന്നാണ് ഇവിടത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നത്. അതാണ് കേരളത്തിന്‍റെ മതേതര നിറവ്. ഹിന്ദു വിശ്വാസികളെ മുഴുവൻ ആർ എസ് എസ് ആലയത്തിൽ കെട്ടാനുള്ള നീക്കം ഒരു പാഴ്ശ്രമമാണ്.
കമ്മ്യൂണിസത്തിന്‍റെ പേരിൽ പച്ചക്ക് വർഗീയത പറയുന്ന പണി പുതിയ കാലത്തും സി പി എം തുടരുന്നുവെന്നതാണ് ആശ്ചര്യകരം!
കേരളത്തിന്‍റെ ഉറച്ച മതേതര ബോധ്യങ്ങളെ വിലകുറച്ച് കണ്ട് നമ്മുടെ ജീവിത പരിസരം മലീമസമാക്കാൻ വാ പൊളിക്കുന്ന കൊടിയേരിയെ പോലുള്ള കമ്മ്യൂണിസ്റ്റ് ഓരി കുറുക്കന്മാരെ കല്ലെറിഞ്ഞ്‌ ഓടിക്കാനുള്ള കൈക്കരുത്താണ് മതേതര കേരളം ഇനിയും ആർജ്ജികേണ്ടത്’- പി.എം.സാദിഖലി കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

മലയാള മാസം എല്ലാ ഒന്നാം തിയ്യതിയും മുടങ്ങാതെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴുന്നതിനായി എത്ര തിരക്കിനിടയിലും എത്തിച്ചേരുക എന്നത് ശ്രീ കെ.കരുണാകരന്‍റെ നിർബന്ധ ചര്യയായിരുന്നു. ഇതിനെതിരിൽ അദ്ദഹത്തെ അപഹസിക്കുന്നതിനും പഴി പറയുന്നതിനും നേതൃത്വം കൊടുത്തത് ഇന്നത്തെ ഇതേ സിപിഎമ്മിന്റെ നേതാക്കളും അവരുടെ മുൻഗാമികളും തന്നെയായിരുന്നു. കരുണാകരനെ വർഗീയ വാദിയും ആർ എസ് എസുമാക്കുന്നതിന് അവർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു.

പക്ഷെ, ഗുരുവായൂരിൽ തൊഴുത് മടങ്ങുന്ന കരുണാകരന് മുസ്ലിംകളുടെ മഹാസമ്മേളനങ്ങളിൽ വന്ന് ‘അസ്സലാമു അലൈക്കും’ എന്ന് അവരെ അഭിസംബോധന ചെയ്യാൻ ഒരു മടിയും ഉണ്ടായില്ല. ശ്രീ കെ.കരുണാകരന്‍റെ മതേതര ബോധ്യങ്ങളേയും പിന്തുണയേയും തകർക്കാൻ സാക്ഷാൽ ഇ എം എസ് നമ്പൂതിരിപ്പാട് പോലും കിണഞ്ഞു ശ്രമിച്ചിട്ടും അന്ന് കഴിഞ്ഞിട്ടില്ല.

ഇന്ത്യ കണ്ട ഏറ്റവും നല്ല കൃഷ്ണഭക്തരിൽ ഒരാൾ മഹാത്മാ ഗാന്ധിയായിരുന്നു. ഭഗവത് ഗീത അദ്ദേഹം നേഞ്ചോട് ചേർത്തു വെച്ചു. ഒപ്പം പ്രാർത്ഥനാ യോഗങ്ങളിൽ ഗീതയുടെ കൂടെ ഖുർആനും ബൈബിളും പാരായണം ചെയ്തു.

മഹാത്മാ ഗാന്ധിയും അബ്ദു നാസർ മദനിയും തുല്ല്യ മതമൗലിക വാദികളാണെന്ന് ഒരു ആക്ഷേപമെന്നോണം സഖാവ് ഇ എം എസ് ഒരു തെരഞ്ഞെടുപ്പ് വേളയിൽ ദേശാഭിമാനിയിൽ ലേഖനമെഴുതി. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് കരുണാകരനെ അപഹസിക്കുന്ന അതേ ലാഘവത്തിൽ മഹാന്മാ ഗാന്ധിയെ വരെ നിസ്സാരനാക്കുന്നതിന് ഒരു പ്രയാസവും അന്ന് ഇ.എം.എസിന് തോന്നിയില്ല.

ഗാന്ധിജിയെ വീണ്ടെടുക്കുന്നതിന് ഇന്ത്യയിലെ മുഴുവൻ മതേതര വിശ്വാസികളും കഠിനാധ്വാനം ചെയ്യുന്ന ഈ സന്നിഗ്ദ ഘട്ടത്തിൽ ശ്രീ കെ.കരുണാകരാനായിരുന്നു ശരിയെന്ന് ഇപ്പോഴെങ്കിലും കേരളീയ സമൂഹത്തിന്റെ മനസ്സ് മന്ത്രിക്കാതിരിക്കാൻ നിർവാഹമില്ല.

തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സിപിഎം ഇവ്വിധം ശരിഅത്ത്, ഏക സിവിൽ കോഡ്, ബാബരി മസ്ജിദ്, സദ്ദാം ഹുസൈൻ തുടങ്ങി പച്ച വിവാദം വരെ ഭൂരിപക്ഷ, ന്യൂനപക്ഷ വികാരങ്ങൾക്ക് തീ കൊടുത്ത് തരാതരം മാറി മാറി പ്രയോഗിച്ചു.

പച്ച ബോർഡ്, പച്ച ബ്ലൗസ്, പച്ച റൂഫ് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി മുസ്ലിം ലീഗ് മന്ത്രിയുടെ വിദ്യാഭ്യാസ വകുപ്പിനെതിരെ ഉറഞ്ഞുതുള്ളിയ സി പി എമ്മുകാർ ഇപ്പോൾ അതോർത്ത് ലജ്ജിക്കുന്നുണ്ടാകും.
ഇപ്പോഴത്തെ മന്ത്രി സഖാവ് എ കെ ബാലൻ വരെ ചാനലുകളിൽ വന്ന് വർഗീയ വികാരങ്ങൾ കത്തിക്കുന്നതിൽ അന്ന് മികവ് കാട്ടി. എന്തേ ഇപ്പോൾ പച്ച ബോർഡ് മാറ്റി ബ്ലാക്കാക്കരുതോ?

പച്ച ബോർഡിന്റെ നയന സുഖമറിഞ്ഞ കുഞ്ഞു മക്കൾ തുടങ്ങി കേരളത്തിലെ പൊതു ജനമൊന്നാകെ വന്ന് പണി തരുമല്ലേ.. ?

കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി, കുഞ്ഞുമാണി ഭരണം കേരളത്തിൽ ന്യൂനപക്ഷ ആധിപത്യം അടിച്ചേൽപ്പിക്കുന്നുവെന്ന വിഷ നാവായിരുന്നു തൊട്ട് മുമ്പുള്ള യുഡിഎഫ് സർക്കാരിനെതിരെ സി പി എമ്മിന്;

തികഞ്ഞ മതേതര പാർട്ടിയായ കോൺഗ്രസ് പ്രതിപക്ഷ നേതാവായി ശ്രീ രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തത് മുതൽ തുടങ്ങിയ നിറം മാറിയ ചൊറിച്ചിലാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെ സഖാവ് കൊടിയേരിയിൽ നിന്ന് ഇപ്പോൾ പുറത്ത് ചാടിയിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് ബൗദ്ധിക ലോകത്തെ കൊല കൊമ്പനായിരുന്ന സഖാവ് ഇ എം എസ് വരെ, ശ്രീ കെ കരുണാകരനെതിരെ പ്രയോഗിച്ചിട്ട് നടക്കാത്തതാണ് അദ്ദേഹത്തിന്റെ ശിഷ്യനായ രമേശ് ചെന്നിത്തലക്കെതിരെ വെറും കുഴിയാനയായ കൊടിയേരി ഇപ്പോൾ പയറ്റുന്നത്.

പ്രതിപക്ഷ നേതാവിന്റ ഒന്നിന് പിറകെ ഒന്നായ അഴിമതിയാരോപണങ്ങൾക്ക് ഇങ്ങനെ അദ്ദേഹത്തെ ശരിയാക്കി കുളം കലക്കി മീൻ പിടിക്കാമെന്നുള്ള കൊടിയേരി തന്ത്രം പക്ഷെ അങ്ങേയറ്റം തരം താണതായിപ്പോയി.

രമേശ് ചെന്നിത്തല ഒന്നാന്തരം ഹൈന്ദവ വിശ്വാസിയാണെന്നാണ് കരുതുന്നത്. അങ്ങിനെയാവണമെന്നാണ് ഇവിടത്തെ മുസ്ലിംകളും ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നത്. അതാണ് കേരളത്തിന്റെ മതേതര നിറവ്. ഹിന്ദു വിശ്വാസികളെ മുഴുവൻ ആർ എസ് എസ് ആലയത്തിൽ കെട്ടാനുള്ള നീക്കം ഒരു പാഴ്ശ്രമമാണ്.

കമ്മ്യൂണിസത്തിന്റെ പേരിൽ പച്ചക്ക് വർഗീയത പറയുന്ന പണി പുതിയ കാലത്തും സി പി എം തുടരുന്നുവെന്നതാണ് ആശ്ചര്യകരം!
കേരളത്തിന്റെ ഉറച്ച മതേതര ബോധ്യങ്ങളെ വിലകുറച്ച് കണ്ട് നമ്മുടെ ജീവിത പരിസരം മലീമസമാക്കാൻ വാ പൊളിക്കുന്ന കൊടിയേരിയെ പോലുള്ള കമ്മ്യൂണിസ്റ്റ് ഓരി കുറുക്കന്മാരെ കല്ലെറിഞ്ഞ്‌ ഓടിക്കാനുള്ള കൈക്കരുത്താണ് മതേതര കേരളം ഇനിയും ആർജ്ജികേണ്ടത് !!

പി.എം.സാദിഖലി