പി.എം ആവാസ് യോജന പരസ്യത്തില്‍ മോദിക്കൊപ്പം ; ലക്ഷ്മിക്ക് സ്വന്തമായി വീടില്ല ; ആത്മനിര്‍ഭര്‍ ഭാരത് തട്ടിപ്പെന്ന് ആരോപണം

Jaihind News Bureau
Tuesday, March 23, 2021

 

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തില്‍ നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന സ്ത്രീ താമസിക്കുന്നത് ശൗചാലയം പോലുമില്ലാത്ത വാടക വീട്ടില്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ കഴിഞ്ഞമാസം 25ന് പുറത്തിറങ്ങിയ പത്രങ്ങളുടെ മുന്‍പേജില്‍ സ്ഥാനം പിടിച്ച പരസ്യത്തില്‍ മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ട ലക്ഷ്മിദേവിയെന്ന മധ്യവയസ്‌കയാണ് വാടകവീട്ടില്‍ കഴിയുന്നത്.

‘ആത്മനിര്‍ഭര്‍ ഭാരത്, ആത്മനിര്‍ഭര്‍ ബംഗാള്‍’ എന്ന വലിയ തലക്കെട്ടില്‍ വന്ന പരസ്യത്തില്‍ സംസ്ഥാനത്തെ 24 ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി ആവാസ് യോജനപ്രകാരം വീട് വച്ചുനല്‍കിയെന്ന് അവകാശപ്പെട്ടിരുന്നു. പ്രധാന്‍മന്ത്രി ആവാസ് യോജന ഉണ്ടായതിനാല്‍ ‘എനിക്ക് ഇന്ന് വീടുണ്ട്, എന്‍റെ തലക്കുമേല്‍ ഒരു കൂരയും’ എന്നായിരുന്നു പരസ്യവാചകം.

കൊല്‍ക്കത്ത ബൗബസാറിലെ മലന്‍ഗയില്‍ കഴിയുന്ന ലക്ഷ്മിദേവിയെക്കുറിച്ച് പ്രമുഖ ദേശീയമാധ്യമമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ‘പരസ്യത്തില്‍ പറയുന്ന ഒന്നും ശരിയല്ല. പരസ്യത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. ആറുപേര്‍ക്കൊപ്പം ഒരു ഒറ്റമുറിയില്‍ 500 രൂപ പ്രതിമാസ വാടകയ്ക്കാണ് ഇവിടെ കഴിയുന്നത്. മക്കള്‍ ഉറങ്ങുമ്പോള്‍ രാത്രി ഞങ്ങള്‍ പുറത്ത് ഉറങ്ങും. ഞങ്ങള്‍ക്ക് ഒരു ശൗചാലയം പോലുമില്ല. അയല്‍ക്കാരാണ് എന്റെ ചിത്രം പത്രത്തില്‍ വന്നതായി അറിയിച്ചത്.

എപ്പോഴാണ് ഫോട്ടോ എടുത്തത് എന്നറിയില്ല. ബാബഘട്ടില്‍ ശൗചാലയങ്ങള്‍ വൃത്തിയാക്കുന്ന ജോലിചെയ്യുന്നതിനിടെ ആരൊക്കെയോ ചിത്രങ്ങള്‍ എടുത്തിരുന്നു. ആ ചിത്രമാവാം ഇപ്പോള്‍ പരസ്യത്തില്‍ ഉപയോഗിച്ചത്.- ലക്ഷ്മി പറഞ്ഞു. വിഷയത്തില്‍ ബി.ജെ.പി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട്ചെയ്തു.