യെഡ്ഡി ഡയറിയില്‍ പ്രധാനമന്ത്രി മറുപടി പറയണം; ലോക്പാല്‍ അന്വേഷണം വേണം: കപില്‍ സിബല്‍

Jaihind Webdesk
Monday, April 15, 2019

Kapil-Sibal

മുഖ്യമന്ത്രി പദത്തിനായി ബി.ജെ.പി നേതാവ് യെദ്യൂരപ്പ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ്. ബി.ജെ.പി നേതാക്കള്‍ക്ക് പണം നല്‍കിയത് കുറിച്ചുവെച്ച ഡയറി കോൺഗ്രസ് പുറത്തുവിട്ടു. ഡയറിയെക്കുറിച്ച് ലോക്പാല്‍ അന്വേഷിക്കണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺഗ്രസ് വക്താവ് കബില്‍ സിബല്‍ ആവശ്യപ്പെട്ടു.

മാര്‍ച്ച് അഞ്ചിന് ഇതേ ഡയറിയുടെ പകര്‍പ്പ് വാര്‍ത്താസമ്മേളനം നടത്തി കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇപ്പോഴാണ് യഥാര്‍ത്ഥ ഡയറിയുടെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. 2008 ല്‍ മുഖ്യമന്ത്രിയാകുന്നതിന് 2,000 കോടി രൂപ ബി.ജെ.പി ദേശീയ നേതൃത്വത്തിന് നല്‍കിയെന്നാണ് ഡയറി തെളിവായി ഉദ്ധരിച്ച് കോണ്‍ഗ്രസിന്‍റെ ആരോപണം. ബി.ജെ.പിയുടെ മുന്‍നിര നേതാക്കളായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് എന്നിവർക്ക് കോടിക്കണക്കിന് രൂപ നല്‍കിയെന്നാണ് ഡയറിയില്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. പ്രധാനമന്ത്രി മറുപടി പറയണം. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

ഇത് ഒരു പ്രതിപക്ഷ നേതാവിന്‍റെ ഡയറിയായിരുന്നെങ്കില്‍ ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചേനെ. നോട്ട് നിരോധനത്തിലൂടെ ബി.ജെ.പി നോട്ടുണ്ടാക്കുന്നു. ലോക്പാലിന് ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കാം. ആവശ്യമെങ്കില്‍ യഥാര്‍ത്ഥ ഡയറി അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തയാറാണെന്നും കപില്‍ സിബല്‍ പറഞ്ഞു.