ദുഃഖവെള്ളിയില്‍ പ്രചാരണത്തിനായി മോദി; ‘കുരിശിന്‍റെ വഴി’ ഉള്‍പ്പെടെ പരിമിതപ്പെടുത്താന്‍ നിർദേശം : വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് അടൂർ പ്രകാശ് എം.പി

Jaihind Webdesk
Friday, April 2, 2021

വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദുഃഖ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിൽ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ക്രൈസ്തവ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂർ പ്രകാശ് എംപി. ക്രിസ്തുവിന്‍റെ കുരിശു മരണം അനുസ്മരിക്കുന്ന ദിവസം ദേവാലയങ്ങളിലെ പ്രാർത്ഥന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്. ശുശ്രൂഷകൾ പരിമിതപ്പെടുത്താൻ നിർദേശം നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.

മോദിക്ക് വഴിയൊരുക്കാന്‍ ക്രിസ്ത്യന്‍ മതവിശ്വാസികളുടെ കുരിശിന്‍റെ വഴി ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ പരിമിതപ്പെടുത്താനാണ് നിർദേശം നല്‍കിയിരിക്കുന്നത്.വാഹന ഗതാഗതം തടസപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. കുരിശിന്‍റെ വഴി നടത്തേണ്ടെന്നും രാവിലെ പത്തരയ്ക്കു ശേഷം ആരും ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ പോകരുതെന്നു നിർദേശം നൽകിയതും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ട്. എന്നാൽ, ദുഃഖവെള്ളിയിൽ ആരാധനാക്രമം പോലും പരിമിതപ്പെടുത്താൻ നിർദേശം നൽകിയതിലൂടെ ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണെന്നും അടൂർ പ്രകാശ് എം.പി ഫേസ്ബുക്കില്‍ കുറിച്ചു.

 

അടൂർ പ്രകാശ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

 

ക്രിസ്ത്യൻ സഹോദരങ്ങൾ ഏറെ ആദരവോടെയും നോമ്പ് നോറ്റും പ്രാർത്ഥനകൾ നടത്തുന്ന വിശുദ്ധ വാരത്തിലെ ദു:ഖവെള്ളി ദിവസത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ക്രിസ്ത്യാനികൾ കൂടുതൽ നിവസിക്കുന്ന മദ്ധ്യകേരളത്തിലെ കോന്നിയിൽ സന്ദർശനം നടത്തുകവഴി വിശ്വാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും പ്രാർത്ഥനാ സ്വാതന്ത്ര്യവുമാണ് തടസ്സപ്പെടുത്തുന്നത്.

പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ട്. എന്നാൽ ഭക്തിയാദരവോടെ വിശ്വാസി സമൂഹം നോക്കി കാണുന്ന ദുഃഖവെള്ളി ദിനത്തിൽ കോന്നിയിൽ എത്തിച്ചേരുകയും, ആരാധനാക്രമം പോലും പരിമിതപ്പെടുത്താൻ നിർദ്ദേശം നൽകിയതിലൂടെയും ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്. വാഹന ഗതാഗതം തടസ്സപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു പള്ളികളിലേക്ക് പോകുന്ന വിശ്വാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

യേശുദേവൻ ക്രൂശിൽ ഏറ്റപ്പെട്ട ദിവസമാണ് ദുഃഖവെള്ളി, ഈ ദിനത്തിൽ ദേവാലയങ്ങളിൽ പകൽ മുഴുവനും ആഹാര പാനീയങ്ങൾ ഉപേക്ഷിച്ചും പ്രാർത്ഥന നടത്തുകയാണ് വിശ്വാസ സമൂഹം ചെയ്യുന്നത്.
ദു:ഖവെളളി ദിനത്തിലെ ആരാധനാ ക്രമത്തിൻ്റെ പ്രധാനഭാഗമായ ‘കുരിശിൻ്റെ വഴി’ നടത്തരുതെന്നും രാവിലെ പത്തര മണിക്ക് ശേഷം വിശ്വാസികൾ ദേവാലയത്തിന് അകത്തേക്കും പുറത്തേക്കും പോകരുതെന്നുമുള്ള നിർദ്ദേശം വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഈ നടപടികൾ പ്രതിഷേധാർഹമാണ്.