മോദിക്ക് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല ; നിർമല സീതാരാമനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് : സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമല സീതാരാമനുമെതിരെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.  പ്രധാനമന്ത്രിക്ക് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞ സ്വാമി തന്നെ ധനമന്ത്രിയാക്കാന്‍ മോദി തയാറാകണം എന്നും പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്’ എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. വ്യാഴാഴ്ച ചെന്നൈയിൽ നടന്ന ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് തിങ്ക് എഡ്യു’ കോൺക്ലേവിന്‍റെ എട്ടാം പതിപ്പിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ വിമർശനം ഉന്നയിച്ചത്.

‘സാമ്പത്തിക ശാസ്ത്രം ഒരു വിശാലമായ വിഷയമാണ്. വിവിധ മേഖലകള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഓരോ മേഖലയും മറ്റ് മേഖലകളില്‍ സ്വാധീനം ചെലുത്തും. അതാണ് മനസിലാക്കേണ്ടത്. ജെ.എൻ.യുവിൽ പോയി എന്തൊക്കെയോ പഠിച്ച് ഒരു ബിരുദം നേടിയിട്ട് കാര്യമില്ല’ – സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

നിർമല സീതാരാമനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് എന്ന് തുറന്നടിച്ച സ്വാമി തന്നെ ധനമന്ത്രിയാക്കി പരീക്ഷിച്ചുനോക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും പറഞ്ഞു. മോദിക്ക് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലെന്നും സ്വാമി പറഞ്ഞു. രാജ്യത്തിന്‍റെ ധനസ്ഥിതി നാള്‍ക്കുനാള്‍ വഷളാകുന്നത് സംബന്ധിച്ച ആശങ്കയും സുബ്രഹ്മണ്യന്‍ സ്വാമി പങ്കുവെച്ചു. പ്രഥമപരിഗണന നല്‍കേണ്ട വിഷയമാണിതെന്നും നിർഭാഗ്യവശാല്‍ അത് സംഭവിക്കുന്നില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെക്കാള്‍ വലിയ ഹിന്ദുത്വ ഐക്കണ്‍ ആണല്ലോ എന്ന ചോദ്യത്തിന് ‘ഞാന്‍ പറയുന്നത് ചെയ്യാറുണ്ട്, പ്രധാനമന്ത്രിയെ പോലെ അല്ല, ‘ – എന്നായിരുന്നു സ്വാമിയുടെ മറുപടി.

Subramanian-Swamy
Comments (0)
Add Comment