നോട്ട് നിരോധനം : മോദിയെ കുറ്റവിചാരണ ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Thursday, November 8, 2018

നോട്ട് നിരോധനം വഴി സാമ്പത്തിക മേഖലയെ അട്ടിമറിച്ച നരേന്ദ്ര മോദിയെ കുറ്റവിചാരണ ചെയ്യണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എം പി കേരള ബാങ്ക് രൂപീകരണ തീരുമാനം കേരള സർക്കാർ അവസാനിപ്പിക്കണം. കേരള ബാങ്ക് രൂപീകരണത്തിലൂടെ സഹകരണ ബാങ്കുകളെ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടല്ലൊടിച്ച കേന്ദ്ര സർക്കാരിന്‍റെ നോട്ട് നിരോധനത്തിന്‍റെ രണ്ടാം കരിദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന സഹകാരികളുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ. നോട്ട് നിരോധനം വഴി സാമ്പത്തിക മേഖലയെ അട്ടിമറിച്ച നരേന്ദ്ര മോഡിയെ കുറ്റവിചാരണ ചെയ്യണം. റിസർവ്വ് ബാങ്കിനോട് കരുതൽ ധനത്തിൽ നിന്നും കേന്ദ്ര സർക്കാർ 3.50 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് സര്‍ക്കാരിന്‍റെ സാമ്പത്തിക നില പരുങ്ങലിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നോട്ട് നിരോധനത്തിലൂടെ തകർത്തപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം.കേരളാ ബാങ്കിലൂടെ മുഖ്യമന്ത്രി സഹകരണ മേഖലയെ നശിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്.ഏറ്റവും ശക്തമായ സഹകരണ മേഖല കേരളത്തിലേതാണ്. ഈനടപടിയെ എന്തു വില കൊടുത്തും കോൺഗ്രസ് തടയാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി സി പ്രചാരണ കമ്മിറ്റി ചെയർമാൻ കെ മുരളിധരൻ എം എൽ എ, വി എസ് ശിവകുമാർ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.