നരേന്ദ്രമോദിക്ക് റഫേലോഫോബിയ പിടിപെട്ടിരിക്കുന്നു : അഭിഷേക് മനു സിംഗ്‌വി

Jaihind Webdesk
Wednesday, October 24, 2018

നരേന്ദ്രമോദിക്ക് റഫേല ഫോബിയ പിടിപെട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി. സിബിഐ തലപ്പത്ത് ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങള്‍ ഇന്ത്യക്കാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യം ഐസിയുവിലാണെന്നും സിബിഐയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും കേന്ദ്രസർക്കാർ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഡയറക്ടർക്ക് നിശ്ചിത കാലാവധി നൽകുന്ന സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചു. 2 വർഷമാണ് സിബിഐ ഡയറക്ടറുടെ മിനിമം കാലാവധി. സെലക്ഷൻ കമ്മിറ്റിയുടെ സമ്മതത്തോടെ മാത്രമേ സ്ഥലം മാറ്റം പാടുള്ളൂ എന്നും നിബന്ധനയുണ്ട്. ചീഫ് ജസ്റ്റിസും മുഖ്യ പ്രതിപക്ഷ പാർട്ടി നേതാവും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഇവരാരും അറിഞ്ഞിട്ടില്ല. ഒരു പ്രോസിക്യൂഷൻ ഏജൻസിയെ പാവയാക്കിയ കേന്ദ്ര സർക്കാർ സിബിഐയെ ദുരുപയോഗം ചെയ്യുകയാണ്. കേന്ദ്രസർക്കാർ എല്ലാ സ്ഥാപനങ്ങളേയും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.